യുഎഇയില്‍ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; വൈറസ് സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരനും

അബുദാബി: യുഎഇയില്‍ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 45 ആയി. അതെസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ സുഖം പ്രാപിച്ചു. കൊറോണ ബാധിതരായിരുന്ന 38കാരനും 10 വയസുള്ള കുട്ടിയുമാണ് സുഖം പ്രാപിച്ചത്.

ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ പതിനഞ്ച് പേരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. തായ്‌ലന്റ്, ചൈന, മൊറോക്കോ, ഇന്ത്യ, സൗദി അറേബ്യ, എത്യോപ്യ, ഇറാന്‍ എന്നീ രാജ്യത്തെ പൗരന്മാര്‍ക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. കൂടാതെ യുഎഇ പൗരന്മാരായ മൂന്ന് പേരിലും പുതിയതായി കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവരായിരുന്നു ഇവരെല്ലാം. വിമാനത്താവളത്തിലെ പരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ കണ്ട് വിശദപരിശോധന നടത്തിയപ്പോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നവരുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ട് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സുഖം പ്രാപിച്ച രണ്ട് പേര്‍ യുഎഇയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിലെ അംഗങ്ങളാണ്. ഇതോടെ ഈ കുടുംബത്തിലെ എല്ലാവരും കൊറോണ വിമുക്തരായി. രാജ്യത്ത് ഇതുവരെ കൊറോണ ബാധിതരായി ചികിത്സയിലായിരുന്ന ഏഴ് പേര്‍ സുഖംപ്രാപിച്ചിട്ടുണ്ട്.

Exit mobile version