കൊറോണ വൈറസ്; മെഡിക്കല്‍ മാസ്‌ക്കുകള്‍ വില്‍ക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും

ബീജിങ്: കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ മാസ്‌ക്കുകള്‍ വില്‍ക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് സോഷ്യല്‍മീഡിയ വിലക്കേര്‍പ്പെടുത്തി. സോഷ്യല്‍മീഡിയ സേവനദാതാക്കളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമാണ് പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വൈറസ് മൂലമുണ്ടായ ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പ്രതിനിധി റോബ് ലീതേണ്‍ ആണ് ഈ തിരുമാനം അറിയിച്ചത്. ‘മെഡിക്കല്‍ ഫെയ്സ് മാസ്‌കുകള്‍ വില്‍ക്കുന്ന പരസ്യങ്ങളും കൊമേഴ്‌സ് ലിസ്റ്റിംങുകളും ഞങ്ങള്‍ നിരോധിക്കുകയാണ്. കോവിഡ്-19 ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഈ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ചൂഷണം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നത് കണ്ടാല്‍ ഞങ്ങളുടെ നയങ്ങളില്‍ ആവശ്യമായ അപ്‌ഡേറ്റുകള്‍ ഉണ്ടാക്കും,’ അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയും ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു. പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയാണ് തങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിനെ കൂടാതെ കൊറോണ സംബന്ധിച്ച തെറ്റിദ്ധാരണ പടര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും നടപടി സ്വീകരിച്ച് വരികയാണ്.

Exit mobile version