കൊവിഡ് 19; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 148 ആയി, 351 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍

റോം: ലോകം മുഴുവന്‍ കൊവിഡ് 19 ഭീഷണിയിലാണിപ്പോള്‍. ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 148 ആയി. 351 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും കൂടുമെന്നാണ് സൂചന. ചൈനയ്ക്ക് പുറത്ത് ഉയര്‍ന്ന മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഇറ്റലിയിലാണ്. 3513 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതുവരെ ലോകത്താകമാനമായി 97,964 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ 3356 ആയി ഉയര്‍ന്നിട്ടുമുണ്ട്. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ മരണ സംഖ്യ 3012 ആണ്. 80,415 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം മുപ്പതായി. ഉത്തര്‍പ്രദേശ് ഗസിയാബാദ് സ്വദേശിക്കാണ് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വൈറസ് ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്.

Exit mobile version