ആളുകള്‍ എന്നെപ്പോലെയായാല്‍ വൈറസിനെ എളുപ്പം പ്രതിരോധിക്കാം; ഉപദേശവുമായി ട്രംപ്

വൈറ്റ് ഹൗസ്: ആളുകള്‍ തന്നെപ്പോലെ ജേമോഫോബ് ആയാല്‍ വൈറസ് ബാധയെ എളുപ്പത്തില്‍ പ്രതിരോധിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജേമോഫോബിയ (കീടാണുക്കളോടുള്ള അമിതഭയം) എന്നത് സ്വഭാവവൈകല്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നതെങ്കിലും തന്റെ ഈ ശീലം ഉള്ളവര്‍ക്ക് വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് ട്രംപ് വൃത്തിയെക്കുറിച്ച് സംസാരിച്ചത്.
നിരന്തരമായി കൈകഴുകുക, ശുചിത്വം പാലിക്കുക. പൊതുസ്ഥലങ്ങളിലെ കൈവരികള്‍ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക ഇതെല്ലാം നല്ല ശീലങ്ങളാണ്. താന്‍ ഇടക്കിടെ കൈകള്‍ കഴുകാറുണ്ടെന്നും അടുത്ത് നിന്ന് ആരെങ്കിലും തുമ്മിയാല്‍ താന്‍ മാറി നില്ക്കുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ ട്രംപ് തന്റെ ഒരു അനുഭവവും പങ്കുവെച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ തന്നെ കാണാനെത്തി. സുഖമാണോ എന്ന് താന്‍ അയാളോട് അന്വേഷിച്ച ശേഷം ഞങ്ങള്‍ പരസ്പരം ആശ്ലേഷിച്ചു. ഞാന്‍ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു നിങ്ങള്‍ക്ക് സുഖം തന്നെയാണോ എന്ന്. അപ്പോള്‍ തനിക്ക് കഠിനമായ പനി ഉണ്ടെന്നായിരുന്നു മറുപടി. എന്നിട്ടും അദ്ദേഹം തന്നെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്തു. ഉടന്‍ തന്നെ താന്‍ അദ്ദേഹത്തോട് അനുവാദം ചോദിച്ചുകൊണ്ട് അകത്തേക്ക് പോയി. കൈകള്‍ വൃത്തിയായി കഴുകി- ട്രംപ് പറഞ്ഞു.

Exit mobile version