ധാരണ പ്രകാരം സ്ഥാനമൊഴിയണം; പുതിയ സഖ്യം രൂപീകരിച്ച് സ്ഥാനം നിലനിർത്താൻ മലേഷ്യൻ പ്രധാനമന്ത്രി; മഹാതിർ മുഹമ്മദിന്റേത് രാജി നാടകമോ?

ക്വലാലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് സ്ഥാനം നിലനിർത്താനായി രാജിവച്ചു. മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറിയതായി മഹാതിറിന്റെ ഓഫീസാണ് അറിയിച്ചത്. പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മഹാതിർ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മഹാരാജാവിന് ഉച്ചയ്ക്ക് 1 മണിക്ക് രാജിക്കത്ത് നൽകി എന്ന് മാത്രമാണ് മഹാതിറിന്റെ ഓഫീസ് നൽകിയിരിക്കുന്ന വിശദീകരണം.

മഹാതിറിന്റെ പാർട്ടിയായ പ്രിബുമി ബെർസാതു മലേഷ്യ (പിപിബിഎം /മലേഷ്യൻ ഐക്യ സ്വദേശി പാർട്ടി) ഭരണ മുന്നണി സഖ്യമായ പാകാതൻ ഹാരാപൻ വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി പ്രസിഡന്റും മലേഷ്യൻ ആഭ്യന്തര മന്ത്രിയുമായ മുഹിയുദ്ദീൻ യാസിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2016ലാണ് മഹതിർ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറിയത്. 222 സീറ്റുകളിൽ 113 സീറ്റുകൾ നേടിയാണ് അന്ന് മഹാതിർ മുഹമ്മദ് അധികാരത്തിലെത്തിയത്. ദീർഘകാല രാഷ്ട്രീയ എതിരാളിയായിരുന്ന അൻവർ ഇബ്രാഹിമുമായി കൈകോർത്തായിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയം. മഹാതിറിന് ശേഷം അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയാകുമെന്നായിരുന്നു ധാരണ. എന്നാൽ ഈ ധാരണയെ അട്ടിമറിച്ചുകൊണ്ടാണ് ഇപ്പോൾ മഹാതിർ സഖ്യം വിട്ട് പ്രതിപക്ഷ കക്ഷികളോട് കൂട്ട് ചേർന്ന് പുതിയ സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നത്.

Exit mobile version