80കാരായ രണ്ട് കൊറോണ വൈറസ് രോഗികള്‍ ഐസിയുവില്‍ യാത്ര പറയുന്നു, ഇരുവര്‍ക്കും പരസ്പരം കാണാനുള്ള അവസാന അവസരം; സോഷ്യല്‍മീഡിയയുടെ കണ്ണുനിറയിച്ച് ചൈനയില്‍ നിന്നുള്ള കാഴ്ച

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്നുമുള്ള ഹൃദയഭേദകമായ കാഴ്ചകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അത്തരത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന വയോധികസുഹൃത്തുക്കളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ണുനിറയിച്ചുകൊണ്ട് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

രോഗികളായ വയോധികസുഹൃത്തുക്കള്‍ തീവ്രപരിചരണ യൂണിറ്റില്‍ അടുത്തടുത്ത രണ്ട് ബെഡ്ഡുകളിലായാണ് കിടക്കുന്നത്. അതിലൊരാള്‍ മാസ്‌ക് ധരിച്ചിട്ടുണ്ട്. ഇരുവരും കൈകോര്‍ത്ത് പിടിച്ച് മുഖത്തോട് മുഖം നോക്കി കിടക്കുകയാണ്. അതിനിടെ ചൈനീസ് ഭാഷയില്‍ എന്തോ പറയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ജിയാങ് വെയ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 80കാരായ രണ്ട് കൊറോണ വൈറസ് രോഗികള്‍ ഐസിയുവില്‍ യാത്ര പറയുന്നു, ഇരുവര്‍ക്കും പരസ്പരം കാണാനും ആശംസ നേരാനുമുള്ള അവസാനത്തെ അവസരമാവും ഇതെന്ന കുറിപ്പോടുകൂടിയാണ് ജിയാങ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ഇത് ചൈനയില്‍ നിന്നുളള ദൃശ്യങ്ങളാണെന്ന് വ്യക്തമാണ്. നിരവധി പേരാണ് വീഡിയോക്ക് താഴെ പ്രതികരിച്ചത്. ചൈനയില്‍ കൊറോണ വൈറസ് ബാധ ഇതുവരെ 412 ജീവനുകളാണ് കവര്‍ന്നത്. മരണനിരക്ക് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version