കൊറോണ വൈറസ്; മരണസംഖ്യ 56 ആയി, ആയിരത്തിലധികം പേര്‍ ചികിത്സയില്‍

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. കഴിഞ്ഞ ദിവസം 688 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 1975 ആയി. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി തുടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങിയിരിക്കുകയാണ് ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രദേശിക തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മ്മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 100 തൊഴിലാളികള്‍ ആശുപത്രി നിര്‍മ്മാണം തുടങ്ങി. 2003 ല്‍ ചൈനയിലുണ്ടായ സാര്‍സ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും 7,000 തൊഴിലാളികള്‍ ചേര്‍ന്ന് ഒരാഴ്ച കൊണ്ടാണ് ബെയ്ജിങ്ങില്‍ പുതിയ ആശുപത്രി നിര്‍മ്മിച്ചിരുന്നു.

വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്‌നി ലാന്റും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാന്‍ജിയാങ്, ഷിജിയാങ്, ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളിലാണ് നിയന്ത്രണം. നാലുകോടിയോളം പേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്. ചൈന, ജപ്പാന്‍, തായ്‌ലാന്‍ഡ്, തയ്വാന്‍, വിയറ്റ്‌നാം, സിംഗപ്പൂര്‍, ഹോങ്കോങ്, മക്കാവു, ഫിലിപ്പീന്‍സ്, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version