പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി ഫിലിപ്പീന്‍സിലെ താല്‍ അഗ്നിപര്‍വതം; പ്രദേശത്ത് നിന്ന് 8000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

ലോകത്തിലെ ഏറ്റവും ചെറിയ സജീവ അഗ്നിപര്‍വതമാണിത്

മനില: പൊട്ടിത്തെറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഫിലിപ്പീന്‍സിലെ താല്‍ അഗ്നിപര്‍വതം. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 8000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര്‍. അഗ്നിപര്‍വതം പൊട്ടി ലാവ ഒഴുകാന്‍ തുടങ്ങിയതോടെയാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് താല്‍ അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്നത്.

അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഒഴുകാന്‍ തുടങ്ങിയതോടെ സമീപപ്രദേശത്ത് ഇടിമിന്നലും ഭൂചലനവും അനുഭവപ്പെടുന്നുണ്ട്. ലാവ ഒഴുകിയതോടെ സമീപത്തുള്ള ഗ്രാമങ്ങളൊക്കൊ ചാരത്തില്‍ മുങ്ങിയിരിക്കുകയാണ്. പതിനഞ്ച് മീറ്ററോളം ഉയരത്തിലാണ് ആകാശത്ത് ചാരമെത്തിയത്. അഗ്നിപര്‍വം ഏത് നിമിഷം പൊട്ടിത്തെറിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ലോകത്തിലെ ഏറ്റവും ചെറിയ സജീവ അഗ്നിപര്‍വതമാണിത്. അതേസമയം ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ രണ്ടാമത്തെ അഗ്‌നിപര്‍വതം കൂടിയാണ് താല്‍. കഴിഞ്ഞ 450 വര്‍ഷത്തിനിടയില്‍ 34 തവണയാണ് ഇവിടെ സ്‌ഫോടനമുണ്ടായത്. ഇന്നലെയാണ് താല്‍ അഗ്നിപവര്‍തത്തില്‍ നിന്ന് ലാവ ഒഴുകാന്‍ തുടങ്ങിയത്. തലസ്ഥാനമായ മനിലയില്‍ വരെ ചാരം എത്തിയതായാണ് റിപ്പോര്‍ട്ട്. അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം കാരണം മനില അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരവും വോള്‍കാനിക് വാതകവും ആകാശത്ത് തങ്ങിനില്‍ക്കുന്നുണ്ട്. ഇത് വിമാനങ്ങളെ അപകടത്തില്‍പെടുത്താന്‍ സാധ്യതയുള്ളതിനാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.

Exit mobile version