‘ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ ആക്രമിച്ചു വീഴ്ത്തുകയായിരുന്നു’; യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ കുറ്റസമ്മതം നടത്തി ഇറാന്‍

യാത്രാവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്നാണ് ഇറാന്റെ കുറ്റസമ്മതം

ടെഹ്‌റാന്‍: ജനുവരി എട്ടിനാണ് 180 യാത്രക്കാരുമായി പുറപ്പെട്ട യുക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നു വീണത്. എന്നാല്‍ ഇത് അപകടമല്ലെന്നും ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ തുറന്നു സമ്മതിച്ചിരിക്കുന്നത്. നേരത്തേ വിമാനാപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നായിരുന്നു ഇറാന്റെ വിശദീകരണം.

യാത്രാവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്നാണ് ഇറാന്റെ കുറ്റസമ്മതം. അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയിലാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് ഇറാന്റെ വിശദീകരണം. ഇറാന്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെയോടെയാണ് വിമാനപകടം അബദ്ധത്തില്‍ ഉണ്ടായതാണെന്ന കുറ്റസമ്മതം ഇറാന്‍ നടത്തിയത്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഇറാന്‍ സൈന്യമാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ തങ്ങളുടെ കൈയ്യബദ്ധത്തിന് മാപ്പ് ചോദിച്ചു കൊണ്ട് ഇറാന്‍ വിദേശകാര്യമന്ത്രിയും ട്വിറ്ററിലൂടെ രംഗത്ത് എത്തി.

ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ബോയിങ് 737 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.

Exit mobile version