യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള മിസൈലാക്രമണം; യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമെന്ന് ഇറാന്‍

വ്യോമാക്രമണത്തിലൂടെ യുഎസ് കൊല്ലപ്പെടുത്തിയ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണാനന്തര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ഇറാന്റെ ആക്രമണം

തെഹ്‌റാന്‍: യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണ് ഇറാന്‍ കൈക്കൊണ്ടതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയതായിരുന്നു ജവാദ് സരിഫ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നമ്മുടെ പൗരന്മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീരുത്വത്തോടെ ആക്രമണം നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി കൈക്കൊണ്ടു’ എന്നാണ് ജവാദ് സരിഫ് ട്വീറ്റ് ചെയ്തത്. വ്യോമാക്രമണത്തിലൂടെ യുഎസ് കൊല്ലപ്പെടുത്തിയ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണാനന്തര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ഇറാന്റെ ആക്രമണം.

ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിനോ യുദ്ധത്തിനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആക്രമണത്തിനെതിരേ സ്വയം പ്രതിരോധ നടപടികളെടുക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് ട്വിറ്ററിലൂടെ വ്യക്തമാക്കി. യുഎസ് സൈന്യത്തേയും പെന്റഗണേയും ഭീകരവാദ സംഘമായി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതിന് പിന്നാലെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച സരിഫിന് യുഎസ് വിസ നിഷേധിച്ചിരുന്നു.

Exit mobile version