ഉത്തരകൊറിയയുടെ പുതിയ തന്ത്രപരമായ ആയുധത്തിന് ലോകം ഉടന്‍ സാക്ഷ്യം വഹിക്കും; കിം ജോങ് ഉന്‍

ആണവനിരായുധീകരണ വിഷയത്തില്‍ അമേരിക്കയുമായുള്ള ചര്‍ച്ച തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് ആണവ പദ്ധതികളുമായി രാജ്യം മുന്നോട്ട് തന്നെ പോകുമെന്ന് കിം പ്രഖ്യാപിച്ചത്

സോള്‍: തന്റെ രാജ്യം സമീപ ഭാവിയില്‍ തന്ത്രപരമായ പുതിയ ആയുധം അവതരിപ്പിക്കുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ആണവനിരായുധീകരണ വിഷയത്തില്‍ അമേരിക്കയുമായുള്ള ചര്‍ച്ച തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് ആണവ പദ്ധതികളുമായി രാജ്യം മുന്നോട്ട് തന്നെ പോകുമെന്ന് കിം പ്രഖ്യാപിച്ചത്.

ഉത്തരകൊറിയ സമീപ ഭാവിയില്‍ കൈവശം വെക്കേണ്ട പുതിയ തന്ത്രപരമായ ആയുധത്തിന് ലോകം ഉടന്‍ സാക്ഷ്യം വഹിക്കുമെന്നും യുഎസില്‍ നിന്നുള്ള ആണവ ഭീഷണികള്‍ ഉള്‍ക്കൊള്ളാനും തങ്ങളുടെ ദീര്‍ഘകാല സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിവുള്ള ശക്തമായ ആണവ പ്രതിരോധത്തെ ജാഗ്രതയോടെ പരിപാലിക്കുമെന്നും കിം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആണവനിരായുധീകരണ വിഷയവുമായി ബന്ധപ്പെട്ട് അലസിപ്പിരിഞ്ഞ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുന്നതിന് ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളോട് അമേരിക്ക പ്രതികരിച്ചിരുന്നില്ല. അതിനാല്‍ കിം ശനിയാഴ്ച മുതല്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയുടെ നാല് ദിവസത്തെ യോഗം വിളിച്ചു.

എന്നാല്‍ ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുമെന്ന് ഏകാധിപതി കിം ജോങ് ഉന്‍ പ്രതിജ്ഞയെടുത്തെങ്കിലും ചര്‍ച്ചള്‍ക്കുള്ള വാതില്‍ ഇനിയും തുറന്നിട്ടുണ്ട്. ഇനി മുന്നോട്ടുള്ള നീക്കങ്ങള്‍ അമേരിക്കയുടെ പ്രതികരണത്തിന് അനുസൃതമായിട്ടായിരിക്കും.

Exit mobile version