ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; ജനങ്ങള്‍ വളര്‍ത്ത് നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിമ്മിന്റെ ഉത്തരവ്

സോള്‍: ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് കിം ജോങ് ഉന്‍. ക്ഷാമം പരിഹരിക്കുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന വളര്‍ത്തു നായ്ക്കളെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. ചില വളര്‍ത്തു നായ്ക്കളെ സര്‍ക്കാര്‍ മൃഗശാലയിലേക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലെ ചില ഭാഗങ്ങളിലും പട്ടിയിറച്ചിയും ജനങ്ങളുടെ ഇഷ്ടവിഭവങ്ങളില്‍ ഉള്‍പ്പെടുന്നവ കൂടിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിമ്മിന്റെ പുതിയ ഉത്തരവെന്നാണ് ലഭിക്കുന്ന വിവരം.

കിം ജോങിന്റെ നിര്‍ദേശ പ്രകാരം വളത്തു നായ്ക്കളുള്ള വീടുകള്‍ അധികൃതര്‍ കണ്ടെത്തി. ഉടമകള്‍ സ്വമേധയാ നായ്ക്കളെ വിട്ടുനല്‍കിയില്ലെങ്കില്‍ അധികൃതര്‍ ബലം പ്രയോഗിച്ച് ഇവയെ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Exit mobile version