നൊന്തുപെറ്റ കുരുന്നിനെ വിധി കവര്‍ന്നു; മറ്റ് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ദാനം ചെയ്തു, എല്ലാ മക്കളിലും കാണുന്നത് തന്റെ പൊന്നോമനയെ, നോവായി ഈ അമ്മ

സൈറ സ്ട്രാങ്‌ഫെല്‍ഡ് എന്ന അമ്മയാണ് ഇപ്പോള്‍ തന്റെ വേദനയില്‍ ഇത്തരത്തില്‍ സന്തോഷം കണ്ടെത്തുന്നത്.

നൊന്തുപെറ്റ കുരുന്നിനെ വിധി തട്ടിയെടുത്തപ്പോള്‍ തകര്‍ന്നത് ഒരു അമ്മയായിരുന്നു. എന്നാല്‍ ചങ്ക് തകരുന്ന വേദനയിലും സന്തോഷം കണ്ടെത്തുകയാണ് ഇവര്‍. കണ്ടെത്തുന്നതാകട്ടെ മുലപ്പാല്‍ മറ്റ് കുട്ടികള്‍ക്ക് ദാനം ചെയ്തു കൊണ്ട്. എല്ലാ മക്കളിലും താന്‍ തന്റെ പൊന്നോമനയെ കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ മുലപ്പാല്‍ ദാനം ചെയ്യുന്നത്.

‘ഞാനവനെ മാറോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു. ആ നിമിഷം അവന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛാസവും ക്രമാതീതമായി ഉയരുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമേ ഞങ്ങള്‍ക്കെന്റെ കണ്‍മണിയെ ജീവനോടെ കാണാന്‍ സാധിച്ചുള്ളൂ. കൊഞ്ചിക്കാനായില്ല, അവന്റെ മുഖം പോലും നേരാം വണ്ണം ദര്‍ശിക്കാനായില്ല. എന്തിനേറെ എന്റെ കണ്‍മണിയെ ഒന്നു പാലൂട്ടാന്‍ പോലും വിധി എന്നെ അനുവദിച്ചില്ല’ അമ്മ നിറകണ്ണുകളോടെ പറയുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ മുലപ്പാല്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുടെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ നല്‍കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപരിചിതരായ ഒരുപാട് മക്കള്‍ക്കാണ് ഞാന്‍ മുലയൂട്ടുന്നത്. ഇതൊക്കെ എന്റെ സാമുവല്‍ കാണുന്നുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

സൈറ സ്ട്രാങ്‌ഫെല്‍ഡ് എന്ന അമ്മയാണ് ഇപ്പോള്‍ തന്റെ വേദനയില്‍ ഇത്തരത്തില്‍ സന്തോഷം കണ്ടെത്തുന്നത്. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ചുപോയ മകന്‍ നെഞ്ചില്‍ കനലായി എരിയുമ്പോഴും മറ്റുകുഞ്ഞുങ്ങള്‍ക്ക് തന്റെ മുലപ്പാല്‍ ദാനം ചെയ്യുന്ന ഈ അമ്മ ഇന്ന് സോഷ്യല്‍മീഡിയയുടെയും കണ്ണുകളെ നനയ്ക്കുകയാണ്. രണ്ടാമതും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ സൈറയും ഭര്‍ത്താവും ഏറെ സന്തോഷിച്ചു.

ഈ കുഞ്ഞിനെയെങ്കിലും മുലയൂട്ടണമെന്ന് ഇവര്‍ ഉറപ്പിച്ചു. ആദ്യത്തെ കുട്ടി നാക്ക് കെട്ടുപിണഞ്ഞ നിലയിലാണ് ജനിച്ചത്. അതിനാല്‍ 18 മാസമായപ്പോഴാണ് കുഞ്ഞിന്റെ നാക്കിന്റെ ശസ്ത്രക്രിയ നടത്തുന്നത്. രണ്ടാമതൊരു കുഞ്ഞുകൂടി ജനിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ സഫലമാക്കാത്ത ആഗ്രഹം സാധിക്കാമെന്ന് ഇവര്‍ കരുതി.

എന്നാല്‍ 20 ആഴ്ചയായപ്പോള്‍ കുഞ്ഞിന് ജനിതക വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഗര്‍ഭഛിദ്രത്തിന് മുതിരാതെ ഇവര്‍ ഗര്‍ഭം തുടര്‍ന്നു. ജനിച്ച് കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് സാമുവല്‍ ലീ എന്ന് പേരിട്ട കുഞ്ഞ് ജീവിച്ചിരുന്നത്. കുഞ്ഞ് മരിച്ചതോടെ മാസം തികയാതെ ജനിച്ച മറ്റ് കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍ ദാനം ചെയ്യാന്‍ സൈറ തയാറാകുകയായിരുന്നു.

Exit mobile version