മരുമകള്‍ പരാതി നല്‍കി; പിന്നാലെ ഭര്‍തൃമാതാവ് വീടു മാറി; ഒത്തുതീര്‍പ്പു വേളയില്‍ പരസ്പരം കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി കരഞ്ഞ് അമ്മയും മകനും, വികാരനിര്‍ഭര നിമിഷങ്ങള്‍

മൂന്നാര്‍: വനിതാ കമ്മിഷന്‍ മൂന്നാറില്‍ നടത്തിയ സിറ്റിങ്ങില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍. 65 വയസ്സുകാരിയായ ഭര്‍തൃമാതാവിന് എതിരെ മരുമകള്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍തൃമാതാവിനെതിരെ മകള്‍ വനിതാ കമ്മിഷനിലും പോലീസിലും പരാതി നല്‍കിയിരുന്നു.

കോവിഡ് പ്രതിസന്ധി മൂലം കമ്മിഷന്‍ സിറ്റിങ് വൈകിയതിനെത്തുടര്‍ന്നു പോലീസ് ഇരുവിഭാഗത്തെയും വിളിച്ച് പരാതി തീര്‍പ്പാക്കിയിരുന്നു. പിന്നാലെ ഭര്‍തൃമാതാവ് വീട് മാറി താമസിച്ചിരുന്നു. ഇന്നലെ മൂന്നാറില്‍ നടന്ന സിറ്റിങ്ങില്‍ ഇവരെ കമ്മിഷന്‍ വിളിപ്പിച്ചിരുന്നു. മാതാവ് വീടുമാറിത്താമസിച്ചതിനു ശേഷം ആദ്യമായാണ് ഇരുവരും കണ്ടുമുട്ടിയത്.

കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ഇരുവരുമായും സംസാരിച്ചു. പിണക്കം തീര്‍ക്കാന്‍ അമ്മയെ ആലിംഗനം ചെയ്യാന്‍ മകനോട് പറഞ്ഞു. ശേഷം ഇരുവരും ഏറെനേരം കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടി കരഞ്ഞു. അമ്മയ്ക്ക് ചായ കുടിക്കാന്‍ 100 രൂപ നല്‍കാന്‍ ഷാഹിദ കമാല്‍ പറഞ്ഞതോടെ മകന്‍ കൈവശം ആകെയുണ്ടായിരുന്ന 500 രൂപ നല്‍കി. മോന്റെ കൈയ്യില്‍ ചെലവിനു വേറെ കാശുണ്ടോ എന്നായിരുന്നു ഉടനെ അമ്മയുടെ ചോദ്യം. ഒടുക്കം പുനസ്സമാഗമനത്തിനു സാഹചര്യമൊരുക്കിയ കമ്മിഷന്‍ അംഗങ്ങളുടെയും കണ്ണുകളെ ഈറനണിയിച്ച നിമിഷം കൂടിയായിരുന്നു അത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്നു കണ്ടുകൊള്ളാമെന്നു മകന്‍ അമ്മയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

Exit mobile version