‘ഇന്നലെ അമ്മയെ സിംഗപ്പൂരില്‍ കൊണ്ടുവന്നു’: ആദ്യമായി അമ്മ വിമാനത്തില്‍ കയറിയ സന്തോഷം പങ്കുവച്ച് മകന്‍, കൈയ്യടിച്ച് സോഷ്യല്‍ ലോകം

മക്കളെ പഠിപ്പിച്ചുവലുതാക്കി അവരുടെ ഉയര്‍ച്ചകള്‍ കണ്ട് സന്തോഷിക്കുന്നവരാണ് മാതിപിതാക്കള്‍. വലിയ നിലയിലെത്തിയ മക്കള്‍ പിന്നീട് അച്ഛനമ്മമാരുടെ സന്തോഷിപ്പിക്കുന്ന കാഴ്ചകള്‍ വളരെ വിരളമാണ്. അത്തരം ഒരു നന്മ കാഴ്ചയാണ് ദത്താത്രേയ ജെ പങ്കുവച്ചിരിക്കുന്നത്.

സിംഗപ്പൂരില്‍ ബ്ലോക്ക്‌ചെയിന്‍ ഡെവലപ്പറായി ജോലി ചെയ്യുന്ന ദത്താത്രേയ ജെയുടെ പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ അമ്മ ആദ്യമായി സിംഗപ്പൂരില്‍ പറന്നിറങ്ങിയതിനെ കുറിച്ചാണ് ദത്താത്രേയ ജെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഇന്നലെ ഞാന്‍ എന്റെ അമ്മയെ സിംഗപ്പൂരില്‍ കൊണ്ടുവന്നു. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലം കാണിച്ച് കൊടുക്കാന്‍ കഴിഞ്ഞു. ഇന്ന് തന്നെ അവരെ ഞാന്‍ എന്റെ ഓഫീസും ഈ നഗരവും എല്ലാം കാണിക്കാന്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അമ്മയ്ക്കിപ്പോള്‍ ഉണ്ടാവുന്ന വികാരങ്ങളും സന്തോഷവും പ്രകടിപ്പിക്കാന്‍ തന്നെ പ്രയാസമാണ്’ എന്നാണ് ദത്താത്രേയ പറയുടന്നത്.

Read Also: ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരം; വെടിയുതിര്‍ത്തത് മന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ

ദത്താത്രേയയുടെ അമ്മ ഇത്രയും കാലം ജീവിച്ചത് മുഴുവനും ഗ്രാമത്തിലായിരുന്നു. സിംഗപ്പൂരിലേക്കാണ് ആദ്യമായി വിമാനം കയറുന്നത്. അതിന് മുമ്പ് അവര്‍ ഒരു വിമാനം അടുത്ത് നിന്ന് കണ്ടിട്ട് പോലും ഇല്ല. ദത്താത്രേയുടെ അമ്മയാണ് അവരുടെ തലമുറയില്‍ വിദേശയാത്രയ്ക്ക് അവസരം ലഭിച്ച ആദ്യത്തെ വ്യക്തി.

മാത്രമല്ല, ഗ്രാമത്തില്‍ ആകെ ഒരു സ്ത്രീ മാത്രമാണ് ഇവരെ കൂടാതെ വിമാനയാത്ര നടത്തിയിട്ടുള്ളത്. ആ സ്ത്രീ ദത്താത്രേയയുടെ ഭാര്യയാണ്. തനിക്കും കുടുംബത്തിനും അമ്മയ്ക്ക് ഇങ്ങനെ ഒരു യാത്ര ചെയ്യാനായതില്‍ വളരെ അധികം സന്തോഷമുണ്ട് എന്നും ദത്താത്രേയ പറയുന്നു. ഒപ്പം തന്നെ തന്റെ അച്ഛന്‍ ഈ സമയത്ത് തങ്ങളോടൊപ്പം ഇല്ലല്ലോ എന്നത് മാത്രമാണ് ഏക വേദന എന്നും ദത്താത്രേയ പറയുന്നു.

ഒപ്പം തന്നെ വിദേശത്ത് ജോലി ചെയ്യുന്നവരോട് നിങ്ങളുടെ മാതാപിതാക്കളെ ആ രാജ്യം കാണിച്ചു കൊടുക്കൂ എന്ന് കൂടി പോസ്റ്റില്‍ പറയുന്നു. അവരുടെ സന്തോഷം അപ്പോള്‍ അളക്കാനാവുന്നതിലും അപ്പുറമായിരിക്കും എന്നും പോസ്റ്റില്‍ പറയുന്നു. ഒപ്പം തന്റെയും അമ്മയുടേയും ചിത്രവും ദത്താത്രേയ പങ്കുവച്ചിട്ടുണ്ട്.

Exit mobile version