കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാള്‍ തുര്‍ക്കിയില്‍ പിടിയിലായി

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനാണ് ഭാര്യ പിടിയിലായ വിവരം അറിയിച്ചത്

അങ്കാറ: കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാള്‍ തുര്‍ക്കിയില്‍ പിടിയിലായി. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനാണ് ഭാര്യ പിടിയിലായ വിവരം അറിയിച്ചത്. അങ്കാറ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ബാഗ്ദാദിയുടെ നാല് ഭാര്യമാരില്‍ ഒരാള്‍ പിടിയിലായ വിവരം അറിയിച്ചത്.

‘തുരങ്കത്തിനുള്ളില്‍വെച്ച് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്നാണ് അമേരിക്ക പറയുന്നത്. അവര്‍ ഇത് പ്രചാരണ ആയുധമാക്കുകയും ചെയ്തു. ഞാന്‍ ആദ്യമായി നിങ്ങളോട് പറയുകയാണ് ഞങ്ങള്‍ ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടി. പക്ഷെ ഞങ്ങളത് പറഞ്ഞു നടക്കില്ല’ എന്നാണ് പ്രസംഗത്തില്‍ എര്‍ദോഗന്‍ പറഞ്ഞത്.

അതേസമയം ബാഗ്ദാദിയുടെ സഹോദരിയും പിടിയിലായിട്ടുണ്ട്. തുര്‍ക്കി സൈന്യം അസാസ് നഗരത്തോട് ചേര്‍ന്ന പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ സഹോദരിയായ റസ്മിയാ അവാദും അവരുടെ ഭര്‍ത്താവും പിടിയിലായത്. തുര്‍ക്കി സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് ഈ കാര്യം പറഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് കമാന്‍ഡോ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചത്.

Exit mobile version