ബാഗ്ദാദിയുടെ വിശ്വസ്തനായി കയറിപ്പറ്റി; വിവരങ്ങൾ യുഎസിന് ചോർത്തി; അടിവസ്ത്രം പോലും അടിച്ചുമാറ്റി നൽകിയ ആ ‘ഒറ്റുകാരന്’ പ്രതിഫലമായി ലഭിക്കുക 178 കോടി

വാഷിങ്ടൺ: ആഗോള ഭീകരൻ അബൂബക്കർ അൽ ബാഗ്ദാദിയെ ഉന്മൂലനം ചെയ്യാൻ യുഎസിനെ സഹായിച്ച ‘ഒറ്റുകാരന്’ 25 മില്യൺ യുഎസ് ഡോളർ(ഏകദേശം 178 കോടിയോളം രൂപ)പാരിതോഷികമായി നൽകുമെന്ന് യുഎസ്. ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ വിശ്വസ്തനായി കടന്ന് ചെന്ന് വിവരങ്ങൾ ചോർത്തി നൽകിയ വ്യക്തിക്കാണ് ഈ വൻതുക പാരിതോഷികം നൽകുന്നത്. സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും സിറിയൻ അതിർത്തിയിലേക്ക് കൂടുതൽ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാൾ അവിടെയുണ്ടായിരുന്നു എന്നാണ് യുഎസ് നൽകുന്ന വിവരം.

മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ബാഗ്ദാദിയ്ക്കായുള്ള തിരച്ചിലിന് വ്യക്തമായ രൂപരേഖ നൽകിയത് ഈ ചാരൻ നൽകിയ നിർണായക വിവരമാണ്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ യുഎസ് പുറത്തു വിട്ടിട്ടില്ലെങ്കിലും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിലെ ഒരംഗമാണ് ഇയാളെന്ന് സൂചനകളുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങൾ കടത്തിയതും ഇയാളാണെന്ന് എസ്ഡിഎഫ് മേധാവി ജനറൽ മസ്ലൂം ആബ്ദി മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിൽ അടുത്ത ബന്ധു കൊല്ലപ്പെട്ടതോടെയാണ് ഇയാൾ ഭീകരസംഘടനയ്ക്ക് എതിരെ ചാരപ്രവർത്തി ആരംഭിച്ചത്. കുർദുകൾ നേതൃത്വം നൽകുന്ന സൈനികസംഘത്തിലെ ഒരു പ്രധാനിയായിരുന്ന ഇയാളുടെ കായികവും മാനസികവുമായ വൈദഗ്ധ്യം എസ്ഡിഎഫ് ഉപയോഗപ്പെടുത്തി. ഒക്ടോബർ 26 ന് ബാഗ്ദാദിയുടെ വധത്തിന് ശേഷം ഇയാൾ കുടുംബാംഗങ്ങളോടൊപ്പം ഇദ്ലിബിൽ നിന്ന് രക്ഷപ്പെട്ടതായി പറയപ്പെടുന്നു.

പെന്റഗണോ വൈറ്റ്ഹൗസോ ചാരന്റെ ഈ പ്രത്യേക സഹായത്തെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ബാഗ്ദാദിയെ ഇല്ലാതാക്കാൻ ലഭിച്ച എസ്ഡിഎഫിന്റെ സഹായത്തിന് യുഎസ് നന്ദി പ്രകടിപ്പിച്ചിരുന്നു. ബാഗ്ദാദിയെ കുറിച്ചുള്ള വ്യക്തിഗതവിവരങ്ങൾ ചാരൻ നൽകിയതായാണ് അനൗദ്യോഗികവിവരം.

Exit mobile version