വീണ്ടും ചരിത്രം കുറിച്ച് നാസ; വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റി സ്ഥാപിക്കുന്നതിനാണ് ഇരുവരും കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്

ന്യൂയോര്‍ക്ക്: വീണ്ടും ചരിത്ര നേട്ടവുമായി നാസ. വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയായി. നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയര്‍, ക്രിസ്റ്റീന കോച്ച് എന്നിവര്‍ ഏഴ് മണിക്കൂര്‍ സമയമാണ് ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിച്ചത്. ഇതോടെ വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോര്‍ഡ് നാസയുടെ പേരിലായി.

വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം കൂടിയാണിത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറും കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം വൈകീട്ട് 7മണിയോടെയാണ് ചരിത്രം കുറിക്കാന്‍ ആരംഭിച്ചത്. ഏഴ് മണിക്കൂര്‍ നേരമാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റി സ്ഥാപിക്കുന്നതിനാണ് ഇരുവരും കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്.

ഇതുവരെ പതിനഞ്ച് വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്ത് സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ സഹയാത്രികനായി പുരുഷനും കൂടെയുണ്ടായിരുന്നു. ഇത് ആദ്യമായാണ് രണ്ട് വനിതകള്‍ മാത്രം ബഹിരാകാശ നിലയത്തിന് പുറത്ത് സമയം ചെലവഴിക്കുന്നത്. ക്രിസ്റ്റീന കോച്ച് മാര്‍ച്ചിലാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഇതുവരെ മൂന്ന് തവണ ഇവര്‍ നിലയത്തിന് പുറത്ത് നടന്നിട്ടുണ്ട്. ജസീക്ക മെയര്‍ ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് നിലയത്തില്‍ എത്തിയത്.

വനിതാ ദിനത്തില്‍ നാസ പദ്ധതിയിട്ടതാണ് ഈ വനിതാ നടത്തം. എന്നാല്‍ പാകമായ വസ്ത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അന്ന് നടക്കാനിരുന്നത് ക്രിസ്റ്റീന കോച്ചും ആന്‍ മക്ലൈനുമായിരുന്നു. ജൂണില്‍ മക്ലൈന്‍ ഭൂമിയിലേക്ക് മടങ്ങിയതോടെയാണ് ജസീക്ക മെയര്‍ക്ക് നറുക്ക് വീണത്. ബാറ്ററികള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഇരുവരും ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ പവര്‍ കണ്‍ട്രോളറുകളില്‍ ഒരെണ്ണം തകരാറിലായതോടെ ഇരുവരുടേയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജസീക്കയുടെയും ക്രിസ്റ്റീന കോച്ചിന്റെയും ഈ ചരിത്ര നേട്ടം നാസ തല്‍സമയം ലോകത്തെ കാണിച്ചിരുന്നു.

Exit mobile version