ഐക്യരാഷ്ട്രസഭയ്ക്ക് നൽകാനുള്ള കുടിശ്ശിക മുഴുവൻ അടച്ചു തീർത്ത് ഇന്ത്യ; പട്ടികയിലുള്ളത് 35 രാജ്യങ്ങൾ മാത്രം

അംഗരാജ്യങ്ങൾ ആകെ നൽകിയത് 2019ലെ ബജറ്റിന്റെ 70 ശതമാനം മാത്രമായതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചതിന് പിന്നാലെ നൽകാനുള്ള മുഴുവൻ തുകയും ഇന്ത്യ നൽകിയിട്ടുണ്ടെന്ന് അറിയിച്ച് ഇന്ത്യൻ പ്രതിനിധി. ഐക്യരാഷ്ട്രസഭ കടുത്ത പ്രതിസന്ധിയിലെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്. അംഗരാജ്യങ്ങൾ ആകെ നൽകിയത് 2019ലെ ബജറ്റിന്റെ 70 ശതമാനം മാത്രമായതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.

എന്നാൽ ഐക്യരാഷ്ട്ര സഭയ്ക്ക് നൽകേണ്ട മുഴുവൻ തുകയും ഇന്ത്യ നൽകിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീൻ വെള്ളിയാഴ്ച വ്യക്തമാക്കി. 193 അംഗരാജ്യങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള 35 രാജ്യങ്ങൾ മാത്രമാണ് മുഴുവൻ വിഹിതവും കുടിശികയും അടച്ചുതീർത്തിട്ടുള്ളത്. ആകെ 64 രാജ്യങ്ങളാണ് ഐക്യരാഷ്ട്രസംഘടനയ്ക്ക് പണം നൽകാനുള്ളത്.

അതേസമയം വിഹിതം അടച്ചുതീർക്കാനുള്ള രാജ്യങ്ങളുടെ പേര് ഐക്യരാഷ്ട്രസഭ പരസ്യപ്പെടുത്തിയിട്ടില്ല. യുഎസ്, ബ്രസീൽ, അർജന്റീന, മെക്സിക്കോ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് സൂചന.

Exit mobile version