ഇന്ത്യയിലേക്ക് ഭീകരവാദികൾ ചന്ദ്രനിൽ നിന്നല്ല വരുന്നത്; പാകിസ്താനെ എതിർത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി യൂറോപ്യൻ എംപിമാർ

യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ ഇന്ത്യയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചു.

ബ്രസൽസ്: പാകിസ്താൻ നടത്തുന്ന ഭീകരാക്രമണങ്ങളെ തുടർന്ന് ആഗോളതലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയേറുന്നു. ഭീകരവാദ വിഷയത്തിൽ പാകിസ്താനെതിരെ കടുത്ത വിമർശനം ഉന്നയിച്ച യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ ഇന്ത്യയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചു.

കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചതിനൊപ്പം അംഗങ്ങൾ പാകിസ്താൻ നിലപാടില്ലാത്ത രാജ്യമാണെന്നും വിമർശിച്ചു. ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നാണ് യൂറോപ്യൻ യൂണിയനിലെ പോളണ്ട് പ്രതിനിധി റൈസാർഡ് സാർനെക്കി വിശേഷിപ്പിച്ചത്. ഇന്ത്യയിലും ജമ്മു കശ്മീരിലും നടക്കുന്ന ഭീകരാക്രമണങ്ങളെ നാം പരിശോധിക്കേണ്ടതുണ്ട്. ഈ ഭീകരവാദികൾ ചന്ദ്രനിൽനിന്ന് ഇറങ്ങിവന്നവരല്ല. അവർ വന്നത് അയൽ രാജ്യത്തുനിന്നാണ്. നാം ഇന്ത്യയെ പിന്തുണയ്ക്കേണ്ടതുണ്ട് എന്നായിരുന്നു പാകിസ്താനെ വിമർശിച്ചും ഇന്ത്യയെ തുണച്ചും അദ്ദേഹം വ്യക്തമാക്കിയത്.

ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന ഭീഷണി പാകിസ്താൻ മുഴക്കിയിരുന്നു. യൂറോപ്പിൽ നീചമായ ആക്രമണങ്ങൾ നടത്താൻ ഭീകരവാദികൾ പദ്ധതി തയ്യാറാക്കുന്നത് പാകിസ്താനിൽ നിന്നാണെന്നും ഇറ്റലിയിലെ യൂറോപ്യൻ പീപ്പിൾസ് പാർട്ടി(ക്രിസ്റ്റ്യൻ ഡെമോക്രാറ്റ്സ്) അംഗമായ ഫുൽവിയോ മാർട്ടുസെല്ലോ അഭിപ്രായപ്പെട്ടു.

Exit mobile version