പാകിസ്താൻ ഒരിക്കലും ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആരംഭിക്കില്ല; ആണവശക്തികളുടെ യുദ്ധം ബാധിക്കുക ലോകത്തെ; നിലപാടിൽ അയഞ്ഞ് ഇമ്രാൻ ഖാൻ

സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഇമ്രാൻ ഖാൻ പറഞ്ഞത്.

ലാഹോർ: പാകിസ്താൻ ഒരിക്കലും ഇന്ത്യയ്‌ക്കെതിരെ യുദ്ധം തുടങ്ങി വെയ്ക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്നും യുദ്ധത്തിലേക്ക് ഈ പ്രതിസന്ധി കടന്നാൽ ലോകത്തെ തന്നെ അത് ബാധിക്കുമെന്നും ഇമ്രാൻ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ലാഹോറിൽ ഗവർണറുടെ വസതിയിൽ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഇമ്രാൻ ഖാൻ പറഞ്ഞത്.

‘ഞങ്ങൾ ഒരിക്കലും യുദ്ധം ആരംഭിക്കില്ല. ഇന്ത്യയോട് യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു. യുദ്ധത്തിൽ വിജയിക്കുന്നവർ യഥാർത്ഥത്തിൽ ഒരുപാട് നഷ്ടപ്പെടുന്നവരും ഒരുതരത്തിൽ തോറ്റവരുമാണ്. യുദ്ധം മറ്റനേകം കാര്യങ്ങൾക്ക് ജന്മം നൽകുകയാണ് ചെയ്യുക.’-ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം, ആണവയുദ്ധത്തിന് പോലും പാകിസ്താൻ ഒരുക്കമാണെന്നാണ് കഴിഞ്ഞദിവസം വരെ പാക് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നത് നിർത്തിയാൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്ന നിലപാടിലാണ് ഇന്ത്യ. പ്രശ്നം ഒത്തുതീർപ്പാക്കാൻ അമേരിക്കയും റഷ്യയും ചർച്ചയ്ക്ക് വേണ്ടി ഇടപെട്ടെങ്കിലും ഇന്ത്യ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

Exit mobile version