കാശ്മീരിൽ ഒരു തീരുമാനം വേണം; ഇന്ത്യാ-പാകിസ്താൻ യുദ്ധം ഒക്ടോബറിലോ നവംബറിലോ നടക്കും: വെല്ലുവിളിയുമായി പാകിസ്താൻ മന്ത്രി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാനത്തെ യുദ്ധമായിരിക്കും ഇതെന്നും

ഇസ്ലാമാബാദ്: കാശ്മീരിനായുള്ള പോരാട്ടത്തിന് ഒരു തീരുമാനമാക്കേണ്ട സമയം എത്തിയിരിക്കുകയാണ് പാകിസ്താൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഒക്ടോബറിലോ അതു കഴിഞ്ഞോ നടക്കാൻ സാധ്യതയെന്നും അദ്ദേഹം റാവൽപിണ്ടിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അവസാനത്തെ യുദ്ധമായിരിക്കും ഇതെന്നും പാകിസ്താൻ മന്ത്രി പറഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുടെ മുസ്ലിം വിരുദ്ധത ജിന്ന നേരത്തേ തിരിച്ചറിഞ്ഞതാണ്. ഇന്ത്യയുമായി ഇനിയും ചർച്ചയ്ക്ക് ശ്രമിക്കുന്നവർ മണ്ടൻമാരാണെന്നും പാകിസ്താൻ റെയിൽവേ മന്ത്രി ആരോപിച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണവായുധം ഉപയോഗിച്ചുള്ള യുദ്ധത്തെക്കുറിച്ചു പറഞ്ഞ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് പാക് റെയിൽവേ മന്ത്രിയുടെ പ്രസ്താവന.

കാശ്മീരിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും ആണവായുധം ഉപയോഗിക്കുന്നതിനു ഭയമൊന്നുമില്ലെന്നും ഇമ്രാൻ കഴിഞ്ഞ ദിവസം പാകിസ്താൻ മാധ്യമത്തോടു പറഞ്ഞിരുന്നു. കാശ്മീർ വിഷയത്തിൽ കടുത്ത നടപടികളിലേക്ക് പാകിസ്താൻ കടക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി മൂന്നുദിവസത്തേക്ക് പാകിസ്താൻ കറാച്ചി വഴിയുള്ള മൂന്ന് വ്യോമപാതകൾ അടച്ചിടാൻ തീരുമാനിച്ചു. മിസൈൽ പരീക്ഷണത്തിനായാണ് വ്യോമപാത അടച്ചിടുന്നത് എന്നാണ് വിവരം.

ന്രത്തെ, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ രാജ്യാന്തരതലത്തിൽ പാകിസ്താന് പിന്തുണ നേടിയെടുക്കാനായില്ല.

Exit mobile version