‘ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകര്‍ക്കണം’; നിര്‍ദേശവുമായി ട്രംപ്

വൈറ്റ് ഹൗസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി, നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചക്കിടെയാണ് ട്രംപ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്

വാഷിംഗ്ടണ്‍: ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുഴലിക്കാറ്റ് അമേരിക്കയെ പിടിച്ചുകുലുക്കും മുമ്പ് ബോംബിട്ട് തകര്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയെന്ന് അമേരിക്കന്‍ വാര്‍ത്താ സൈറ്റായ അക്‌സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

‘ആഫ്രിക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ അത് സഞ്ചരിക്കുന്നു. അമേരിക്കയില്‍ എത്തുന്നതിന് മുമ്പ് തടയണം. ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗത്ത് ബോംബിട്ട് അതിന്റെ സംവിധാനത്തെ അലങ്കോലപ്പെടുത്താം. എന്തുകൊണ്ട് നമുക്ക് ആണവായുധം പ്രയോഗിച്ചുകൂട. എന്തുകൊണ്ട് നമുക്കത് ചെയ്തുകൂട’ ട്രംപ് ചോദിച്ചുവെന്ന് അക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറ്റ് ഹൗസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി, നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചക്കിടെയാണ് ട്രംപ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. യോഗത്തില്‍ പങ്കെടുത്ത വ്യക്തിയെ ഉദ്ധരിച്ചാണ് ട്രംപിന്റെ നിര്‍ദേശം ആക്‌സിയോസ് പുറത്തുവിട്ടത്. 2017 ലും ഇതേ നിര്‍ദ്ദേശം ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ടെന്നും സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോംബിടുന്നത് സാധ്യമാണോ എന്നതിനെ കുറിച്ച് പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥരിലൊരാള്‍ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേയും ഇതേ ചോദ്യം ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ടെന്നും വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം വൈറ്റ് ഹൗസ് ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. പ്രസിഡന്റിന്റെ അനൗദ്യോഗിക സംഭാഷണങ്ങളില്‍ മറുപടി നല്‍കാനില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്.

Exit mobile version