യാത്ര പോയതിന്റെ ഓര്‍മ്മയ്ക്കായി കടല്‍ത്തീരത്തു നിന്നും മണലെടുത്തു; വിനോദ സഞ്ചാരികള്‍ക്ക് ശിക്ഷ

രണ്ട് ഫ്രഞ്ച് സഞ്ചാരികള്‍ ചേര്‍ന്ന് 14 ബോട്ടുകളിലായി 40 കിലോഗ്രാം മണലാണ് ഇറ്റലിയിലെ ചിയ ബീച്ചില്‍ നിന്നെടുത്തത്

സര്‍ദീനിയ: യാത്ര പോയതിന്റെ ഓര്‍മ്മയ്ക്കായി കടല്‍ത്തീരത്തു നിന്നും മണലെടുത്ത സഞ്ചാരികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിലെ ചിയ ബീച്ചില്‍ എത്തിയ സഞ്ചാരികള്‍ക്കാണ് ജയിലില്‍ കിടന്ന് അഴിയെണ്ണേണ്ടി വരുന്ന സാഹചര്യമുണ്ടായത്.

രണ്ട് ഫ്രഞ്ച് സഞ്ചാരികള്‍ ചേര്‍ന്ന് 14 ബോട്ടുകളിലായി 40 കിലോഗ്രാം മണലാണ് ഇറ്റലിയിലെ ചിയ ബീച്ചില്‍ നിന്നെടുത്തത്. അവധിക്കാല ആഘോഷത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി മണല്‍ സൂക്ഷിച്ച് വയ്ക്കാന്‍ എടുത്തു എന്നാണ് ഇവരുടെ വാദം. എന്നാല്‍ യാത്രയുടെ ഓര്‍മയ്ക്ക് വേണ്ടി ഇത്രയും മണ്ണ് എടുത്ത് കൊണ്ടുപോകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഈ ബീച്ചുകളില്‍ നിന്നും കല്ലുകള്‍, കക്കകള്‍, മണല്‍ എന്നീ വസ്തുക്കള്‍ വ്യാപകമായി കടത്തുന്നത് ഇതിന് മുമ്പും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെയാണ് നിയമം കര്‍ക്കശമാക്കിയത്. മണല്‍കടത്ത് എന്ന കുറ്റത്തിന് ഫ്രഞ്ച് സഞ്ചാരികള്‍ക്ക് ഒന്ന് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന.

Exit mobile version