കൈമുട്ടിനടുത്ത് പൊട്ടലുണ്ട്; കളക്ടര്‍ക്ക് സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കൈമാറി എല്‍ദോ എബ്രഹാം

മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള സിടി സ്‌കാന്‍ റിപ്പോര്‍ട്ടാണ് എല്‍ദോ കളക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്.

കൊച്ചി: ഡിഐജി ഓഫീസിനു നേരെ നടന്ന മാര്‍ച്ചിലുണ്ടായ ലാത്തിച്ചാര്‍ജില്‍ തന്റെ കൈക്ക് പൊട്ടലുണ്ടെന്ന് തെളിയിക്കുന്ന സിടി സ്‌കാനുമായി സിപിഐ എംഎല്‍എ എല്‍ദോ എബ്രാഹം. ലാത്തിചാര്‍ജില്‍ കൈമുട്ടിന് അടുത്ത് പൊട്ടലുണ്ടെന്ന് തെളിയിക്കുന്ന സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് എംഎല്‍എ കൈമാറി. തിങ്കളാഴ്ച കളക്ട്രേറ്റിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.

എന്നാല്‍ അപ്പോഴേക്കും ജില്ലാ കളക്ടര്‍ എസ് സുഹാസ്, ലാത്തിച്ചാര്‍ജ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള സിടി സ്‌കാന്‍ റിപ്പോര്‍ട്ടാണ് എല്‍ദോ കളക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്. കൈക്ക് പൊട്ടലില്ലെന്ന് പോലീസ് പ്രചരിപ്പിച്ച സാഹചര്യത്തില്‍ സത്യാവസ്ഥ കളക്ടറെ ബോധ്യപ്പെടുത്തുന്നതിനാണ് സിടി സ്‌കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറയുന്നു.

ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് എല്‍ദോയെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും എക്‌സറേ എടുത്തു. തുടര്‍ന്ന് കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടതിനാല്‍ അവിടെ നിന്ന് പ്ലാസ്റ്റര്‍ ഇട്ടു. അതിനുശേഷം സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയപ്പോള്‍ പ്ലാസ്റ്ററിനു പകരം സ്ലിങ് ഇടുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ എംഎല്‍എയുടെ കൈക്ക് നീരുവന്നതിനാല്‍ വീണ്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ട് ചികിത്സ തേടി.

കൈക്ക് പൊട്ടലുണ്ടായതിനാല്‍ പ്ലാസ്റ്റര്‍ അഴിച്ചതാണ് പ്രശ്‌നമായതെന്ന് എംഎല്‍എ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് സിടി സ്‌കാന്‍ ചെയ്തതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Exit mobile version