വയനാടിനെ ടൈഗര്‍ റിസര്‍വാക്കിയാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയും; വനം വകുപ്പ് മന്ത്രി

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

തിരുവനന്തപുരം: വയനാട് സാങ്ച്വറിയെ ടൈഗര്‍ റിസര്‍വാക്കിയാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സാധിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ കാണപ്പെടുന്നത് ടൈഗര്‍ റിസര്‍വല്ലാത്ത വയനാട് സാങ്ച്വറിയിലാണെന്നും പ്രാദേശികമായ തടസ്സങ്ങള്‍ കാരണം വയനാടിനെ ടൈഗര്‍ റിസര്‍വായി പ്രഖ്യാപിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 2014 ല്‍ 136 കടുവകളാണ് ഉണ്ടായിരുന്നത്. 2018 ആയപ്പോഴേക്കും 190 എണ്ണമായി വര്‍ധിച്ചു.

ഇന്ത്യയിലെ ടൈഗര്‍ റിസര്‍വുകളില്‍ മികവിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് പെരിയാര്‍ ടൈഗര്‍ റിസര്‍വാണ്. ആദ്യത്തെ7 സ്ഥാനങ്ങള്‍ക്കുള്ളില്‍ പറമ്പിക്കുളം ടൈഗര്‍ റിസര്‍വും ഉള്‍പ്പെട്ടിട്ടുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ 35-40 ഓളം കടുവകളും പറമ്പിക്കുളത്ത് 20-25 ഓളം കടുവകളും ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. വയനാട് വന്യമൃഗസങ്കേതം ടൈഗര്‍ റിസര്‍വാക്കിയാല്‍ നിയമപരമായി നിലവില്‍ ഉള്ളതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Exit mobile version