ചേർത്തലയിലെ ഗോഡൗണിൽ നൂറുകണക്കിന് വവ്വാലുകൾ ചത്തൊടുങ്ങിയ നിലയിൽ; നിപ്പാ ആശങ്കയിൽ പ്രദേശവാസികൾ

ചേർത്തല: ആലപ്പുഴ ചേർത്തലയിലെ കുറുപ്പൻകുളങ്ങരയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു പിന്നാലെ പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിൽ. നിപ്പാ ബാധയാണെന്ന ആശങ്കയാണ് ജനങ്ങൾ പങ്കുവെയ്ക്കുന്നത്. എന്നാൽ നിപ്പാ സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. അതികൊണ്ടുതന്നെ ആശങ്ക വേണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നൽകുന്നത്.

ചേർത്തല തെക്ക് പഞ്ചായത്ത് കുറുപ്പൻകുളങ്ങര കണ്ണിക്കാട്ട് മേഖലയിലെ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ആളൊഴിഞ്ഞ പഴയ കയർ ഗോഡൗണിലാണ് 150ഓളം വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇവിടം വവ്വാലുകൾ ഉൾപ്പടെയുള്ള ജീവികളുടെ ആവാസകേന്ദ്രമായിരുന്നു. കഴിഞ്ഞ ദിവസം ഗോഡൗണിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. ചത്ത വവ്വാലുകളെ മറവ് ചെയ്തു. സാമ്പിളുകൾ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഏറെ നാളായി തുറന്ന് കിടന്ന് ഗോഡൗണിന്റെ വാതിൽ ശക്തമായ കാറ്റിനെ തുടർന്ന് അടഞ്ഞു പോയിരുന്നു. ഇതിനാൽ ശ്വാസം മുട്ടിയാകാം വവ്വാലുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version