ശബരിമലയിൽ വിശ്വാസികളല്ലാത്ത സ്ത്രീകൾ കയറിയത് തിരിച്ചടിയുണ്ടാക്കി; തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് കോടിയേരി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണം തേടി സിപിഎം നേതാക്കള്‍ നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടയിലെ കണ്ടെത്തലുകള്‍ വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ നേട്ടങ്ങളുടെ നിറംകെടുത്തുന്ന വിവാദങ്ങള്‍ ഉണ്ടാകുന്നത് തിരുത്തണമെന്ന നിര്‍ദേശം ഗൃഹസന്ദര്‍ശനത്തിനിടെ ഉയര്‍ന്നതായി അദ്ദേഹം വിശദീകരിച്ചു. ശബരിമല വിവാദം വോട്ടുചോര്‍ച്ചയ്ക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് ബോധ്യമായി. വിമര്‍ശനങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കോടിയേരി ദേശാഭിമാനിയിലെ പ്രതിവാര പംക്തിയില്‍ എഴുതുന്നു.

പോലീസ് പ്രവര്‍ത്തനങ്ങളില്‍ വേണ്ട ജാഗ്രതയെ പറ്റിയും അഭിപ്രായം ഉയര്‍ന്നെന്നും വോട്ടു ചോര്‍ച്ച ഉണ്ടായതില്‍ ശബരിമല ഒരു ഘടകമാണെന്ന് ചിലര്‍ വെളിപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിക്കുന്നു. സര്‍ക്കാര്‍ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകുന്നതായും അതു തിരുത്തപ്പെടണമെന്നും നിര്‍ദേശങ്ങളുണ്ടായി. ശബരിമല കാരണം വോട്ടു മാറി ചെയ്‌തെന്ന് ചില വീട്ടമ്മമാര്‍ തുറന്നു പറഞ്ഞു. സുപ്രീം കോടതി വിധി വന്നപ്പോള്‍ പിന്തുണച്ച ബിജെപിയും കോണ്‍ഗ്രസും നിലപാട് മാറ്റിയപ്പോള്‍ രാഷ്ട്രീയ സമരമായി മാറുമെന്ന് കണക്കിലെടുത്ത് ഇടപെടാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ചിലര്‍ കുറ്റപ്പെടുത്തി. വനിതാ മതിലിന് ശേഷം രണ്ടു സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറിയത് സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.

വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും എല്‍ഡിഎഫ് എതിരാണെന്ന തെറ്റിദ്ധാരണ വോട്ടുചോര്‍ത്തിയെന്ന് ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമായെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

Exit mobile version