കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

മൈക്രോവേവ് ഓവനിലെ ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഉണ്ടായിരുന്നത്

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബായിയില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണമാണ്. വിപണിയില്‍ 78 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അബുദാബിയില്‍ നിന്ന് ബുധനാഴ്ച കരിപ്പൂരില്‍ എത്തിയ ഇത്തിഹാദ് എയര്‍വെയ്‌സില്‍ നിന്ന് പിടികൂടിയത്. മലപ്പുറം ചീക്കോട് സ്വദേശി ത്വല്‍ഹത്താണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തത്.

മൈക്രോവേവ് ഓവനിലെ ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഉണ്ടായിരുന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇഎസ് നിഥിന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പിടിയിലായ ത്വല്‍ഹത്തിനെ ചോദ്യം ചെയ്യുകയാണ്.

Exit mobile version