അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ മണിയാര്‍ ഡാമിന്റെ ഷട്ടറുകളില്‍ വീണ്ടും ചോര്‍ച്ച

രണ്ട് മാസം മുമ്പാണ് 25 ലക്ഷം രൂപ ചെലവിട്ട് കല്ലട ജലസേചന പദ്ധതിയുടെ തെന്മല ഡിവിഷന്റെ മേല്‍നോട്ടത്തില്‍ ഒരു സ്വകാര്യ കമ്പനി അറ്റകുറ്റപണികള്‍ നടത്തിയത്

പത്തനംതിട്ട: 25 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ മണിയാര്‍ ഡാമിന്റെ ഷട്ടറുകളില്‍ വീണ്ടും ചോര്‍ച്ച കണ്ടെത്തി. ഡാമിന്റെ ഒന്നുമുതല്‍ മൂന്ന് വരെയുള്ള ഷട്ടറുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ വെള്ളം പുറത്തേക്ക് ശക്തമായി ഒഴുകുന്നുണ്ട്. രണ്ട് മാസം മുമ്പാണ് ലക്ഷങ്ങള്‍ മുടക്കി ഡാമിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയത്.

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ആണ് ഷട്ടറുകളില്‍ ചോര്‍ച്ച കണ്ട് തുടങ്ങിയത്. ഷട്ടറുകളുടെ അടിഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള റബ്ബര്‍ ഇളകിമാറിയാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ഷര്‍ട്ടറിന്റെ ചോര്‍ച്ചയിലൂടെ പുറത്തേക്ക് പോവുന്ന വെള്ളത്തിന്റെ അളവ് അനുദിനം വര്‍ധിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാതെ വന്നാല്‍ ഡാമിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

രണ്ട് മാസം മുമ്പാണ് 25 ലക്ഷം രൂപ ചെലവിട്ട് കല്ലട ജലസേചന പദ്ധതിയുടെ തെന്മല ഡിവിഷന്റെ മേല്‍നോട്ടത്തില്‍ ഒരു സ്വകാര്യ കമ്പനി അറ്റകുറ്റപണികള്‍ നടത്തിയത്. അതേസമയം ഷര്‍ട്ടറുകളിലെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇത് പരിഹരിക്കുമെന്നും പമ്പ ജലസേചന പദ്ധതിയുടെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version