അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് കെഎസ്‌യു; അഭിജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ നടത്തി വന്നിരുന്ന അനിശ്ചിത കാല നിരാഹാരസമരം അവസാനിപ്പിച്ച് കെഎസ്‌യു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് എട്ട് ദിവസമായി നിരാഹാരസമരം നടത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.

ഇനിയുള്ള സമരം കൂടുതല്‍ ശക്തമായിരിക്കുമെന്ന് ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടമ്മമാരെ പങ്കെടുപ്പിച്ച് സമരം നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷും അറിയിച്ചു. ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കനത്ത സംഘര്‍ഷമുണ്ടായി.

പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പോലീസിന് നേരെ കുപ്പികളും കല്ലുകളും മരകഷണങ്ങളും പ്രവര്‍ത്തകര്‍ എറിഞ്ഞു ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പ്രകോപനമായ രീതില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ പെരുമാറിയതോടെയാണ് പോലീസ് പ്രതികരിച്ചത്. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

Exit mobile version