നവദമ്പതികള്‍ക്കായി രണ്ട് മരക്കസേരകള്‍; വിവാഹസദ്യയായി കപ്പയും മീന്‍ കറിയും; സാക്ഷിയായി ചെഗുവേരയുടെ ചിത്രവും;ഒടുവില്‍ അനൂപിന്റെ സഖിയായി അഖില

ജാതി മത ഭേദമന്യേ വിവാഹത്തിന് താത്പര്യമുള്ള പെണ്‍കുട്ടികളില്‍ നിന്നും അഭ്യര്‍ഥന ക്ഷണിച്ച് അനൂപ് പത്രപരസ്യം നല്‍കുകയും ചെയ്തു. പിന്നാലെയാണ് അങ്ങനെ വ്യത്യസ്തമായ ഒരു വിവാഹത്തിന് വഴിയൊരുക്കിയത്.

കൊച്ചി: വളരെ വ്യത്യസ്തവും മാതൃകാപരവുമായ വിവാഹത്തിന് സാക്ഷിയായ സന്തോഷത്തിലാണ് ആലപ്പുഴയിലെ നിവാസികള്‍. താലികെട്ടില്ലാതെ മതപരമായ ചടങ്ങുകളില്ലാതെ ചെഗുവേരയുടെ ചിത്രത്തെ സാക്ഷിയാക്കി അനൂപും അഖിലയും വിവാഹിതരാവുകയായിരുന്നു.

താലികെട്ടില്ലെന്നും മതപരമായി വിവാഹം കഴിക്കില്ലെന്നുമായിരുന്നു അനൂപിന്റെ വിവാഹനിബന്ധനകള്‍. ജാതി മത ഭേദമന്യേ വിവാഹത്തിന് താത്പര്യമുള്ള പെണ്‍കുട്ടികളില്‍ നിന്നും അഭ്യര്‍ഥന ക്ഷണിച്ച് അനൂപ് പത്രപരസ്യം നല്‍കുകയും ചെയ്തു. പിന്നാലെയാണ് അങ്ങനെ വ്യത്യസ്തമായ ഒരു വിവാഹത്തിന് വഴിയൊരുക്കിയത്.

വരനും വധുവിനും ഇരിക്കാന്‍ രണ്ട് മരക്കസേരകള്‍ മാത്രം.ചെഗുവേരയുടെ വാക്യമായിരുന്നു വധുവരന്‍മാരുടെ വേദിക്ക് പശ്ചാത്തലമൊരുക്കിയത്. ആത്മാര്‍ഥ സ്‌നേഹമാണ് ആത്മാര്‍ഥ വിപ്ലവത്തെ നയിക്കുന്നത് എന്ന ചെഗുവേരയുടെ വാചകം വേദിയിലുണ്ടായിരുന്നു. പഴയ ഒരു ഹെര്‍ക്കുലീസ് സൈക്കിളും വേദിയില്‍ കാണാം. സദ്യക്ക് പകരം കപ്പയും മീന്‍കറിയും.

1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ആലപ്പുഴയില്‍ പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറാണ് അനൂപ്. മലപ്പുറം മഞ്ചേരിയിലെ കെഎഎച്എം യൂണിറ്റി വുമണ്‍സ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ അധ്യാപികയാണ് അഖില.

ആലപ്പുഴയിലെ മാരാരിക്കുളം സെല്‍ഫി കുടുംബശ്രീ കൂട്ടായ്മയാണ് സത്കാരത്തിന്റെ ഭക്ഷണം എത്തിച്ചത്. ഇരുവരുടേയും നിലപാടുകള്‍ക്ക് ഒരുവിധ എതിര്‍പ്പുമില്ലാതെ വീട്ടുകാര്‍ സമ്മതം മൂളുകയായിരുന്നു.

Exit mobile version