രമ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; ആ ഉപദേശം ജേഷ്ഠസഹോദരന്‍ എന്ന നിലയിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

രമ്യാ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദമായതോടെ വാഗ്ദാനം നിരസിച്ച ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

രമ്യാ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. രമ്യയെ ഉപദേശിച്ചത് ഒരു ജ്യേഷ്ഠ സഹോദരനെന്ന നിലയിലായിരുന്നു.

രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്‌നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ലെന്നും എന്നാല്‍ എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠ സഹോദരന്‍ എന്ന നിലയിലാണ് താന്‍ രമ്യയെ ഉപദേശിച്ചതെന്നും മുല്ലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version