ബലാത്സംഗത്തിന് ഇരയായ സ്ത്രീ മാനാഭിമാനമുള്ളയാണെങ്കില്‍ മരിക്കണമെന്ന പ്രസ്താവന; മുല്ലപ്പള്ളിക്ക് എതിരെ നടപടിയെടുക്കുമെന്ന് വനിത കമ്മീഷന്‍

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടിയെടുക്കുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസിന് യോജിക്കുന്ന പരാമര്‍ശമല്ല മുല്ലപ്പള്ളിയുടേതെന്നും ജോസഫൈന്‍ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീ മാനാഭിമാനമുള്ളയാണെങ്കില്‍ മരിക്കണം എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എംസി ജോസഫൈന്‍.

സ്ത്രീയുടെ ശരീരത്തിന് മേല്‍ പുരുഷന്‍ നടത്തുന്ന കയ്യേറ്റമാണ് ബലാത്സംഗം, അത് അപലപനീയമാണ്. ഒരു സ്ത്രീക്കെതിരെ നടത്താവുന്ന എറ്റവും മോശപ്പെട്ട അക്രമണമാണ് അത് എന്ന് മുല്ലപ്പള്ളി മനസിലാക്കണം. ബലാത്സംഗത്തിന് ഇരയായ സ്ത്രീ മാനാഭിമാനമുള്ളയാണെങ്കില്‍ മരിക്കണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ നിഷ്‌കരുണം തള്ളിക്കളയുന്നുവെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

സ്ത്രീകളോട് ആത്മഹത്യ ചെയ്യണമെന്ന് പറയാന്‍ മുല്ലപ്പള്ളി ആരാണെന്നും വേശ്യയായ സ്ത്രീക്ക് പോലും അവരുടെ അന്തസിനും അഭിമാനത്തിനും പ്രാധാന്യമുണ്ടെന്നും എം സി ജോസഫൈന്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശത്തിന് എതിരെ നിരവധി പേരാണ് രംഗത്ത് വന്നത്.

മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ബലാത്സംഗം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ കുറ്റമല്ലെന്നും ശൈലജ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇത്തരം സന്ദേശമാണോ നല്‍കേണ്ടതെന്നും മന്ത്രി ചോദിച്ചു.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ നേരത്തെയും വിവാദം സൃഷ്ടിച്ചിട്ടുള്ളയാളാണ് മുല്ലപ്പള്ളി. കെകെ ശൈലജ ടീച്ചറിനെതിരെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Exit mobile version