മലബാറില്‍ ശക്തിപ്രാപിച്ച് മഴ; കണ്ണൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, വെള്ളക്കെട്ടില്‍ വീണ് ബിഎംഡബ്ല്യു കാര്‍! ഒടുവില്‍ പുറത്തെടുത്തത് ക്രെയിനിന്റെ സഹായത്തില്‍

ഇപ്പോള്‍ മഴയുടെ ഭീകരത വെളിവാക്കുന്ന ഒരു കാഴ്ചയാണ് കണ്ണൂരില്‍ നിന്നും വരുന്നത്.

കണ്ണൂര്‍: മലബാറില്‍ മഴ ശക്തിപ്രാപിക്കുകയാണ്. കണ്ണൂരിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോള്‍ വെള്ളം കയറി തുടങ്ങി. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയ തോതിലുള്ള മഴയാണ് ലഭിച്ചത്. ഇപ്പോള്‍ മഴയുടെ ഭീകരത വെളിവാക്കുന്ന ഒരു കാഴ്ചയാണ് കണ്ണൂരില്‍ നിന്നും വരുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂരിലെ തളാപ്പില്‍ യുവാവിന്റെ ബിഎംഡബ്ല്യൂ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നു. വെള്ളം നിറഞ്ഞതിനാല്‍ റോഡ് നേരാ വണ്ണം കാണാന്‍ പോലും സാധിച്ചിരുന്നില്ല. ഇതാണ് യുവാവിന് വിനയായത്. ഇതോടെ റോഡിലെ കുഴിയില്‍ വാഹനം വീഴുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്.

വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. മഴ ശക്തമായതോടെ വീണ്ടും വെള്ളം നിറഞ്ഞു. അപ്പോഴേക്കും വാഹനത്തിന്റെ അകത്തേയ്ക്കും വെള്ളം കയറുവാന്‍ തുടങ്ങി. തുടര്‍ന്ന് സഹായത്തിനായി നാട്ടുകാരും ഓടിയെത്തി. രക്ഷയില്ലാതെ വന്നതോടെ ക്രെയിനിന്റെ സഹായം തേടി. ശേഷം വെള്ളക്കെട്ടില്‍ നിന്നും വാഹനം ഉയര്‍ത്തി എടുക്കുകയായിരുന്നു.

Exit mobile version