കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കേണ്ടതില്ല, രമ്യയ്ക്ക് കാര്‍ എടുക്കണമെങ്കില്‍ പലിശ രഹിത വാഹനവായ്പ കിട്ടും; വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

പതിനാല് ലക്ഷം രൂപയുടെ മഹീന്ദ്ര മരാസോ കാറാണ് പിരിവിട്ട് വാങ്ങാന്‍ നേതൃത്വം ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതില്‍ കോണ്‍ഗ്രസിനകത്ത് തന്നെ ഭിന്നത. കാര്‍ വാങ്ങുവാനായി പണപ്പിരിവ് നടത്താന്‍ ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എംപിക്ക് കാര്‍ വാങ്ങുവാന്‍ വേണ്ടി പണപ്പിരിവ് നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അങ്ങനെ കാര്‍ വാങ്ങിയേ മതിയാകൂ എങ്കില്‍ ലോണ്‍ എടുത്താല്‍ മതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

പതിനാല് ലക്ഷം രൂപയുടെ മഹീന്ദ്ര മരാസോ കാറാണ് പിരിവിട്ട് വാങ്ങാന്‍ നേതൃത്വം ലക്ഷ്യമിടുന്നത്. 1.90 ലക്ഷം രൂപ ശമ്പളവും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്ന എംപിക്ക് വേണ്ടി പണപ്പിരിവ് നടത്തി കാര്‍ വാങ്ങുന്നതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സോഷ്യല്‍മീഡിയയും ട്രോളി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനം ഉന്നയിച്ച് മുല്ലപ്പള്ളിയും രംഗത്ത് വന്നിരിക്കുന്നത്.

എംപിമാര്‍ക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വാഹനവായ്പ ലഭിക്കുമെന്നും, അതിനു ശ്രമിച്ചാല്‍ മതിയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസമാണ് കാര്‍ വിവാദം കത്തിയത്. യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവിനെ ന്യായീകരിച്ച് എംപി രമ്യാ ഹരിദാസും രംഗത്ത് വന്നിരുന്നു. ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്നും അത് വാങ്ങുന്നതില്‍ തനിക്ക് അഭിമാനം മാത്രമേ ഉള്ളുവെന്നുമായിരുന്നു രമ്യയുടെ പ്രസ്താവന. പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Exit mobile version