പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഗള്‍ഫില്‍ ജോലി ഉറപ്പ്: നടപടികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി എകെ ബാലന്‍

ദുബായ്: സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗള്‍ഫ് മേഖലയില്‍ തൊഴിലവസരം ഉറപ്പുവരുത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി എകെ ബാലന്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പദ്ധതിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ 1500 ഓളം പട്ടികജാതി-പട്ടികവര്‍ഗ യുവാക്കള്‍ക്ക് വിദേശ തൊഴില്‍ ലഭിക്കുവാനുളള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് ജോലിക്ക് എത്തിക്കുന്നതിനുള്ള ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച തൊഴില്‍ദാതാക്കളുടെ യോഗം മന്ത്രിയുടെ സാന്നിധ്യത്തില്‍ ദുബായിലും അബുദാബിയിലും നടന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയും യോഗത്തില്‍ ഒപ്പമുണ്ടായിരുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ഭാഗത്തെ നൈപുണ്യ വികസനത്തിലൂടെ ശാക്തീകരിച്ച് തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്ന പദ്ധതി ലോകത്തില്‍ ആദ്യമാണെന്ന് മന്ത്രി പറഞ്ഞു. 2500 അഭ്യസ്തവിദ്യരായ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ഓയില്‍&റിഗ് മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ ആണ് കൂടുതലും തൊഴില്‍ ഉറപ്പാക്കിയിട്ടുള്ളത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ദുബായ് അബുദാബി മേഖലകളില്‍ എഴുപതോളം സംരംഭകരെ വിളിച്ചുചേര്‍ത്തു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ പൂര്‍ണ സഹകരണം ആണ് സംരംഭകരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

1300 പേര്‍ക്ക് തൊഴില്‍ കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ വര്‍ഷം സര്‍ക്കാരിന് ഉണ്ടായിരുന്നത്. അത് നിര്‍വഹിക്കാന്‍ ആവുന്ന വിധത്തില്‍ ഉള്ള ഉറപ്പാണ് പങ്കെടുത്ത എഴുപതോളം സ്ഥാപനങ്ങളുടെ ഉടമകള്‍ നല്‍കിയത്.

സര്‍ക്കാര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നടപ്പിലാക്കിയ നൈപുണ്യ വികസന പരിശീലനവും വിദേശത്ത് തൊഴില്‍ കണ്ടെത്താന്‍ ഉള്ള സഹായം നല്‍കുന്ന പദ്ധതി മുഖാന്തിരവും വിവിധ തൊഴിലുകള്‍ക്കായി 2357 യുവാക്കള്‍ക്കാണ് പരിശീലനം നല്‍കിയത് എന്നും മന്ത്രി പറഞ്ഞു. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ സംഘം മന്ത്രിയെ കണ്ട് 500 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതില്‍ ആദ്യഘട്ടം എന്ന നിലയ്ക്ക് 250 പേര്‍ക്ക് ഉടനെ തൊഴില്‍ ലഭ്യമാക്കുമെന്നും പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു.

വിദേശത്ത് തൊഴില്‍ ലഭിക്കുന്നതിനുള്ള സേവനം നല്‍കുന്നതിനോടൊപ്പം ആഭ്യന്തരമായി തൊഴില്‍ നേടുന്നതിന് 23 സ്ഥാപനങ്ങളുടെ സേവനം സംസ്ഥാനസര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ട്രെയിനിങ് കൊടുക്കുന്ന സ്ഥാപനങ്ങള്‍ തന്നെ പലപ്പോഴും ജോലി നല്‍കുകയും ചെയ്യുന്നുണ്ട്.

വിദേശത്തുള്ള തൊഴില്‍ വൈദഗ്ധ്യത്തിനുള്ള പരിശീലനം നാട്ടില്‍ തന്നെയാണ് നല്‍കുന്നത്. അങ്കമാലിയിലെ എക്‌സ്‌പോര്‍ കമ്പനിയാണ് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നത് എന്നും ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് കേംബ്രിഡ്ജ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ഇവിടെ പരിശീലനം നടത്തുന്നത് എന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൊഴില്‍ പരിശീലനത്തിനൊപ്പം ഇംഗ്ലീഷ് അറബി ഭാഷകള്‍ കൂടി പഠിപ്പിച്ചാണ് ഉദ്യോഗാര്‍ഥികളെ വിദേശത്തേക്ക് അയയ്ക്കുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version