വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികള്‍ തിരിച്ചെത്തി

വിഴിഞ്ഞത്തു നിന്നും ബുധനാഴ്ച്ച മത്സ്യബന്ധനത്തിന് പോയ നാലു പേരെയാണ് കാണാതായത്

തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ആന്റണി, ബെന്നി, യേശുദാസന്‍, ലൂയിസ് എന്നിവരെയാണ് കണ്ടെത്തിയത്. വിഴിഞ്ഞത്തു നിന്നും ബുധനാഴ്ച്ച മത്സ്യബന്ധനത്തിന് പോയ നാലു പേരെയാണ് കാണാതായത്. വ്യാഴാഴ്ച്ച തിരിച്ചെത്തേണ്ട ഇവര്‍ ശനിയാഴ്ച്ചയായിട്ടും തിരിച്ചെത്തിയില്ല.

ഇതോടെ ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. അതേസമയം കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തീരവാസികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ കടലാക്രമണം രൂക്ഷമാകുമെന്നും കടലില്‍ മത്സ്യ ബന്ധനത്തിന് പോകരുടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

ഇത് അവഗണിച്ചാണ് പലരും കടലില്‍ പോകുന്നതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. സര്‍ക്കാര്‍ സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഉള്‍ക്കടലില്‍ നിന്നാണ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. അവശരായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version