കനത്ത മഴ; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, കാസര്‍കോട് ജില്ലയില്‍ ഇന്ന് ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതലായാണ് നടപടി. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയില്‍ കാസര്‍കോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചിലുമുണ്ട്.

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് കിനാനൂരില്‍ നാല് കുടുംബങ്ങളെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കളനാട് വില്ലേജില്‍ അഞ്ച് കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതികള്‍ വിലയിരുത്താന്‍ ഇന്ന് ജില്ലാ കളക്ടര്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം വിളിച്ചു. പത്ത് മണിക്ക് കളക്ടറേറ്റിലാണ് യോഗം ചേരുക.

Exit mobile version