ശക്തിപ്രാപിച്ച് കാലവര്‍ഷം; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍, ജാഗ്രതാ നിര്‍ദേശം

'റെഡ്' അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര ( മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചു.

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിക്കുകയാണ്. വിവിധ ഇടങ്ങളില്‍ മഴ തകൃതിയായി പെയ്യുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 19 ന് കാസര്‍കോട് ജില്ലയില്‍ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതലായാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് ആയിരിക്കും.

ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര ( മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കും. ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം അധികൃതര്‍ നല്‍കുന്നുണ്ട്.

കനത്ത മഴയില്‍ കാസര്‍കോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version