ഭൗമ സൂചിക പദവി ലഭിച്ച മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണം; മന്ത്രി വിഎസ് സുനില്‍ കുമാര്‍

കാന്തല്ലൂര്‍ കോവില്‍ കടവില്‍ മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവി വിളംബര ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇടുക്കി: ഭൗമ സൂചിക പദവി ലഭിച്ച മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. സൗന്ദര്യമല്ല ഗുണമാണ് മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയെന്നും ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു. കാന്തല്ലൂര്‍ കോവില്‍ കടവില്‍ മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവി വിളംബര ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും വ്യാപാരികള്‍ വ്യാജ ശര്‍ക്കര എത്തിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുടെ ജിഐ രജിസ്‌ട്രേഷന്റെ മറവില്‍ തെറ്റിധരിപ്പിച്ച് വിറ്റഴിക്കാന്‍ ശ്രമിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നും 2 ലക്ഷം രൂപ വരെ പിഴയും 2 വര്‍ഷം വരെ തടവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കച്ചവടക്കാര്‍ താല്‍ക്കാലിക ലാഭത്തിനായി വ്യാജ ശര്‍ക്കരയുടെ വില്‍പ്പന നടത്തരുതെന്നും ഇതിനെതിരെ കര്‍ഷകരും കച്ചവടക്കാരും പരസ്പരം കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

Exit mobile version