മകളുടെ പഠനത്തിന് ബാങ്ക് വായ്പ നിഷേധിച്ചു; ബിജുവിനെയും കുടുംബത്തെയും കാത്ത് ഭാഗ്യദേവത, കാരുണ്യ സമ്മാനിച്ചത് 80 ലക്ഷം

പഠിക്കാന്‍ മിടുക്കികളായ മൂത്ത മകള്‍ ചന്ദന എംബിബിഎസിനും, രണ്ടാമത്തെ മകള്‍ ഡിഗ്രിക്കും, മൂന്നാമത്തെ മകള്‍ നന്ദന പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്.

തിരുവനന്തപുരം: മകളുടെ എംബിബിഎസ് പഠനത്തിന് വേണ്ടി ഒരു വായ്പയ്ക്കായി ഓടി നടന്ന ബാബുവിനെ കടാക്ഷിച്ച് ഭാഗ്യദേവത. കാരുണ്യയുടെ 80 ലക്ഷം രൂപയാണ് ബിജുവിന് ലഭിച്ചത്. ആര്യാനാട്, ചാങ്ങ, ചെറുകുളം കട്ടക്കാല്‍ വീട്ടില്‍ ബിജുകുമാറി(46)നാണ് പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ആശ്വാസം തേടിയെത്തിയത്. ലോറി ഡ്രൈവറായ ബിജുവിന് മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. പഠിക്കാന്‍ മിടുക്കികളായ മൂത്ത മകള്‍ ചന്ദന എംബിബിഎസിനും, രണ്ടാമത്തെ മകള്‍ ഡിഗ്രിക്കും, മൂന്നാമത്തെ മകള്‍ നന്ദന പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്.

മൂത്ത മകളുടെ പഠനത്തിന് വേണ്ടിയാണ് വായ്പയ്ക്കായി ബാങ്കുകളില്‍ കയറി ഇറങ്ങിയത്. എന്നാല്‍ വാഹനം പോകുന്ന വഴിയല്ലെന്ന കാരണത്തില്‍ കൈയ്യൊഴിയുകയായിരുന്നു. അങ്ങനെ പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെയാണ് ഭാഗ്യദേവതയുടെ കടാക്ഷം. ‘ലോട്ടറി ഫലം വന്നപ്പോള്‍ ടിപ്പര്‍ ലോറിയുടെ ഉടമസ്ഥനായ മോഹനനാണ് ആദ്യം വിളിച്ചത് തനിക്ക് 8000 രൂപ സമ്മാനം ഉണ്ടെന്നും ബിജുവിന്റെ കൈവശമുള്ള ലോട്ടറി പരിശോധിക്കാനും പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ വിളിച്ചു ലോട്ടറി നോക്കാന്‍ പറഞ്ഞു. നമ്പര്‍ കേട്ട് തനിക്കും 8000 ലഭിച്ചുവെന്നറിഞ്ഞ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 8000 അല്ല PY 218838 എന്ന ടിക്കറ്റിന് 80 ലക്ഷമാണ് തനിക്ക് ലഭിച്ചതെന്ന് അറിഞ്ഞത്’ ബിജു പറയുന്നു.

ഉടന്‍ തന്നെ മറ്റ് രേഖകളുമായി ബാങ്കിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ നല്‍കുകയും ചെയ്തു. പത്താം ക്ലാസില്‍ മികച്ച വിജയം നേടിയവരാണ് മൂന്ന് മക്കളും. അതുകൊണ്ട് അവരുടെ ഇഷ്ടം അനുസരിച്ച് പരമാവധി വിദ്യാഭ്യാസം നല്‍കണമെന്ന ആഗ്രഹമാണ് ബാങ്ക് വായ്പയ്ക്കായി അലഞ്ഞതെന്നും ബിജു കൂട്ടിച്ചേര്‍ത്തു. ഭാര്യ കുശാല കുമാരി രോഗ ബാധിതയാണ്, എങ്കിലും കുടുംബത്തിന് സഹായമെന്നോണം തൊഴിലുറപ്പ് പണിക്ക് പോവുന്നുണ്ട്. ഏഴ് വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ബിജുവിന് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാഗ്യദേവത ദുരിതമകറ്റാനെത്തിയെന്നത് മക്കളുടെ കൂടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

Exit mobile version