രാജ് കുമാറിന്റെ മരണം: പീരുമേട് സബ് ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി; ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു പീരുമേട് സബ് ജയില്‍ സൂപ്രണ്ട് ജി അനില്‍ കുമാറിനെ സ്ഥലം മാറ്റി. തിരൂര്‍ സബ് ജയിലിലേക്കാണ് മാറ്റിയത്.

പീരുമേട് ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ബാസ്റ്റണ്‍ ബോസ്‌ക്കോയെ സസ്പെന്‍ഡു ചെയ്തു. ജയില്‍ ഡിഐജി സാം തങ്കയ്യന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അവശനിലയിലായ തടവുകാരനു ചികില്‍സ നല്‍കുന്നതില്‍ ഇവര്‍ വീഴ്ച്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. അതോടൊപ്പം കഴിഞ്ഞ നാലിന് ജയില്‍ ഡിജിപി എസ്. സന്തോഷ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവേലിക്കര സ്പെഷല്‍ സബ് ജയിലിലെ തടവുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അസി.പ്രിസണ്‍ ഓഫീസര്‍ സുജിത്തിനെ ഡിജിപി സസ്പെന്‍ഡ് ചെയ്തു.

രാജ്കുമാറിന്റെ ദേഹ പരിശോധനയുടെ ചുമതലയും പ്രതിയെ പാര്‍പ്പിച്ച ബ്ലോക്കിന്റെ ചുമതലയും സുജിത്തിനായിരുന്നു. ഇക്കാര്യത്തില്‍ ജാഗ്രത കുറവുണ്ടായിട്ടുണ്ടെന്നും അന്വേഷണം ഒരാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും സന്തോഷ് അറിയിച്ചു.

Exit mobile version