രോഗികള്‍ക്ക് ആശ്വാസം: കാരുണ്യ ചികിത്സാസഹായം വര്‍ഷം മുഴുവനും ലഭിയ്ക്കും; സമയപരിധി നീട്ടി

തിരുവനന്തപുരം: കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. പദ്ധതിയില്‍ നിലവിലുള്ളവര്‍ക്ക് ചികിത്സാ സഹായം ഈ വര്‍ഷം മുഴുവന്‍ ലഭിക്കും.

ഇതുസംബന്ധിച്ച് ധനവകുപ്പും ആരോഗ്യവകുപ്പും ധാരണയിലെത്തി. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഉടന്‍ ഇറക്കും. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാ പദ്ധതി ജൂണ്‍ മുപ്പതിനാണ് അവസാനിച്ചത്. ഇതോടെ നിരവധി രോഗികള്‍ ദുരിതത്തിലായി.

കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി തുടരാന്‍ ധനവകുപ്പുമായി ധാരണയായെന്നും കാരുണ്യ പദ്ധതിയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ചേരാമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ് മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയും കേരള സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയും ചേര്‍ത്ത് ”ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ” ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് നിലവിലുള്ളത്.

കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പുതിയ ചികിത്സാ പദ്ധതി വന്നതോടെയാണ് കാരുണ്യ ചികിത്സ സഹായ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂണ്‍ മുപ്പതിന് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. എന്നാല്‍ വലിയ പ്രശ്‌നങ്ങളാണ് ഇതുമൂലം രോഗികള്‍ നേരിട്ടത്.

Exit mobile version