ഗുരുവായൂര്‍ നഗരസഭയിലെ ക്യാമറ വിവാദം കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവിന്റെ അഴിമതി മറയ്ക്കാന്‍; തെറ്റിദ്ധാരണ പരത്തുന്നത് കോണ്‍ഗ്രസ് നേതൃത്വത്തില്‍; തെളിവ് പുറത്ത്

തൃശ്ശൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ ക്യാമറ വിവാദം സൃഷ്ടിച്ചെടുത്തത് കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ നേതാവിന്റെ സാമ്പത്തിക തിരിമറി മറയ്ക്കാനെന്ന് ആരോപണം. ഗുരുവായൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ്സ് അനുകൂല സംഘടനയുടെ യൂണിറ്റ് പ്രസിഡന്റും തൈക്കാട് സോണല്‍ ഓഫീസ് ക്ലാര്‍ക്കുമായ കെഎസ് മണികണ്ഠന്റെ സാമ്പത്തിക തിരിമറി പുറത്ത് വന്നതോടെയാണ് അനാവശ്യ വിവാദമുണ്ടാക്കി കോണ്‍ഗ്രസ് പൊതുജന ശ്രദ്ധയെ വഴിമാറ്റിയത്. സാമ്പത്തിക തിരിമറി പുറംലോകത്ത് ചര്‍ച്ചയായാല്‍ ഉണ്ടാകുന്ന ജാള്യത മറയ്ക്കുവാന്‍ നടന്ന ഗൂഢാലോചനയും കോണ്‍ഗ്രസ്സിലെ പ്രതിപക്ഷനേതാവ് എപി ബാബു മാസ്റ്ററും മുന്‍ പ്രതിപക്ഷനേതാവ് ആന്റോ തോമസ്സും തമ്മിലുള്ള മൂപ്പിളമ തര്‍ക്കവും നഗരസഭയിലെ ക്യാമറ വിവാദത്തിന് കാരണമായി.

നഗരസഭയിലേക്ക് ദിനംപ്രതി എത്തുന്ന നികുതി പണം നഗരസഭയിലേക്ക് അടയ്ക്കാതെ തിരിമറി നടത്തിവരികയായിരുന്ന മണികണ്ഠനെ റസീത് ബുക്കിലടക്കം കൃത്രിമം നടത്തിയതോടെയാണ് പ്രാഥമിക നടപടിക്ക് വിധേയനാക്കിയത്.

നഗരസഭ അധികാരികളുടെ ജാഗ്രതാ പൂര്‍ണ്ണമായ ഇടപെടലാണ് പൊതുജനങ്ങളുടെ പണം നഷ്ടപ്പെടാതെ കാത്തത്. ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കാതെ ശരിയായ നിയമനടപടികള്‍ക്ക് വിട്ട് നല്‍കുക എന്ന മാന്യമായ നിലപാടാണ് നഗരസഭ നേതൃത്വം സ്വീകരിച്ചത്.

എന്നാല്‍ മണികണ്ഠനെ ഉപയോഗപ്പെടുത്തി വന്‍ തിരിമറികള്‍ നടത്തിയിരുന്ന കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയായിരുന്നു മണികണ്ഠനെ സംരക്ഷിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ഇടപെടലുകള്‍ക്ക് സാധിക്കാത്ത അത്രയും ഗുരുതരമായിരുന്നു സംഭവം. മണികണ്ഠനെ സംരക്ഷിക്കേണ്ട ചുമതല ആന്റോ തോമസ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് തര്‍ക്കത്തിന് വഴിവെച്ചു. അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത ആന്റോ തോമസിനെ കള്ളന്റെ മനസ്സറിഞ്ഞ വേറൊരു കള്ളന്‍ എന്ന് ബാബു മാസ്റ്റര്‍ രഹസ്യ ചര്‍ച്ചയില്‍ പറഞ്ഞത് കോണ്‍ഗ്രസിനകത്ത് പ്രശ്‌നം രൂക്ഷമാക്കി.

മണികണ്ഠന്റെ സാമ്പത്തിക തട്ടിപ്പ് ചര്‍ച്ചയായതോടെ അര്‍ബന്‍ ബാങ്ക് അഴിമതിയും വീണ്ടും ചര്‍ച്ചയാകും എന്ന തിരിച്ചറിവാണ് നിലവിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി പുറമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെ സന്നദ്ധരാക്കിയത്. ടൗണ്‍ ഹാള്‍ കേന്ദ്രീകരിച്ചത് പ്രവര്‍ത്തിച്ചിരുന്ന പവര്‍ കട്ട് മാഫിയയും ഹാള്‍ ബുക്കിംങ്ങ് മാഫിയയും ഇപ്പോള്‍ നിരാശയിലാണ്. വിവാഹം നടത്തുന്ന കുടുംബങ്ങളെ വ്യാജ പവര്‍ കട്ട് നടത്തി ജനറേറ്റര്‍ വാടകയിനത്തിലും ഡീസല്‍, സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തിലും കബളിപ്പിക്കല്‍ നിര്‍ത്തലാക്കി. നഗരത്തിലെ ഏറ്റവും സൗകര്യമേറിയതും വാടക കുറഞ്ഞതുമായ ടൗണ്‍ ഹാള്‍ ബുക്ക് ചെയ്ത് അനാവശ്യ ഡിമാന്റ് സൃഷ്ടിച്ച് വന്‍ തുകയ്ക്ക് മറിച്ച് കൊടുക്കുന്ന മാഫിയയെയും നിയന്ത്രിക്കുവാന്‍ സാധിച്ചു.

ടൗണ്‍ ഹാളില്‍ നടക്കുന്ന വിവാഹങ്ങളിലേക്ക് ചില തൊഴിലാളികളുടെ നേതൃത്യത്തില്‍ പുറമെ നിന്ന് ആളുകളെ കൊണ്ട് വന്ന് ഭക്ഷണം നല്‍കുന്ന രീതിയും നിയന്ത്രിക്കപ്പെട്ടു തൊട്ടടുത്ത ബാറില്‍ നിന്ന് മദ്യപിച്ച് ടൗണ്‍ ഹാളില്‍ വന്ന് ബിരിയാണിയും മറ്റും കഴിച്ച് ചിലര്‍ പോകുന്നത് ഗുണഭോക്താക്കളെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഭക്ഷണം തികയാതെ നാണംകെടേണ്ട അവസ്ഥ ഇപ്പോള്‍ കുടുംബങ്ങള്‍ക്കില്ല.

ഇതിനിടയിലാണ് ടൗണ്‍ ഹാളിലെ ചെറിയ ചെറിയ മോഷണങ്ങള്‍ കൂടി നിര്‍ത്തലാക്കാന്‍ ഇടപെടല്‍ തുടങ്ങിയത്. ടൗണ്‍ ഹാളിലെ സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസ്സുകളും എണ്ണം കുറയുന്നത് നിര്‍ത്തലാക്കാന്‍ തൊഴിലാളികളെ ചെറുതായി ഭയപ്പെടുത്താനുള്ള വിദ്യയായിട്ടാണ് സിസിടിവി സംവിധാനത്തിന് ഉപയോഗിക്കുന്ന ക്യാമറയുടെ മാതൃക ആരോപണ വിധേയന്‍ സെക്യൂരിറ്റി ഓഫീസില്‍ സ്ഥാപിച്ചത് ഒപ്പം അവിടെ ഉണ്ടായിരുന്നവരോട് ‘ ക്യാമറ ‘ സ്ഥാപിച്ച വിവരം പറയുകയും ചെയ്തു.

ഈ ഓഫീസ് വസ്ത്രം മാറുന്നതിന് ഉപയോഗിക്കരുത് എന്ന് സ്ത്രീ തൊഴിലാളികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു ഭൂരിഭാഗം പേരും ഇതനുസരിച്ചിരുന്നു. എന്നാല്‍ ചിലര്‍ ഇത് പാലിച്ചിരുന്നില്ല. ഡമ്മി ക്യാമറ സ്ഥാപിച്ച വിവരം അറിയാതെ സെക്യൂരിറ്റി മുറിയില്‍ വസ്ത്രം മാറാന്‍ എത്തിയ ജീവനക്കാരി ഒറിജിനല്‍ ക്യാമറയെന്ന് തെറ്റിദ്ധരിച്ച് നഗരസഭ അധികാരികളെ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ബാബു മാസ്റ്റര്‍ അടക്കമുള്ളവര്‍ എത്തിയ ശേഷം എല്ലാവരും ചേര്‍ന്നുള്ള പരിശോധനയില്‍ ക്യാമറ ഒറിജിനല്‍ അല്ല എന്നും എന്തിന് വേണ്ടി ഇത് സ്ഥാപിക്കപ്പെട്ടു എന്നും ബോധ്യപ്പെട്ടതായിരുന്നു.

രണ്ട് ദിവസത്തിന് ശേഷം തല്‍പ്പരകക്ഷികള്‍ ഇക്കാര്യം രാഷ്ട്രിയ മുതലെടുപ്പിന് ഉപയോഗിക്കുകയായിരുന്നു ചില മാധ്യമങ്ങളുടെ പിന്തുണ ഇതിന് ലഭിച്ചു. സംഭവിച്ചത് എന്താണെന്ന് ബോധ്യപ്പെട്ടിട്ടും തെറ്റായ വാര്‍ത്തകള്‍ തന്നെ പ്രചരിപ്പിക്കുന്ന നിലപാടാണ് ഇവര്‍ തുടരുന്നത് മണികണ്ഠനെതിരായ നടപടി കൗണ്‍സില്‍ അജണ്ടയില്‍ ഉണ്ടായിരുന്നു ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയതുമാണ്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഒരു വരി പോലും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നില്ല.

നിലവില്‍ വിഷയം സംബന്ധിച്ച് തുടക്കത്തിലെ ആശങ്കകള്‍ നീക്കാനായിട്ടുണ്ട്. തൊഴിലാളിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാല്‍ പരാതികളില്ലെന്ന് അറിയിച്ചിട്ടുമുണ്ട്. വിദ്യഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി അധ്യക്ഷ ഷൈലജ ദേവന്റെ ഇടപെടലുകളിലെ ദുരൂഹത ഈ സമയത്ത് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

നഗരസഭയുടെ തന്നെ വിശ്വാസ്യത തകര്‍ക്കുന്ന നിലയില്‍ നിരുത്തരവാദപരമായ സമീപനമാണ് ഇവര്‍ നടത്തിയത് എന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. മാത്രമല്ല കൗണ്‍സിലര്‍മാരെ നോക്കുകുത്തിയാക്കി കോണ്‍ഗ്രസ് നേതാവ് കെപി ഉദയന് മാത്രമായി ഷോവര്‍ക്ക് നടത്താന്‍ അവസരം നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ പുതിയ കലാപത്തിന് തിരികൊളുത്തിയിട്ടുമുണ്ട്.

Exit mobile version