വൈദ്യുതി നിയന്ത്രണം ഉടന്‍ ഏര്‍പ്പെടുത്തില്ലെന്ന് കെഎസ്ഇബി;ഉന്നതതല യോഗം തീരുമാനിച്ചു

സംസ്ഥാനത്ത് കാലവര്‍ഷം ലഭിക്കാത്തതും ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് കെഎസ്ഇബി അടിയന്തര യോഗം ചേര്‍ന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടന്‍ ഏര്‍പ്പെടുത്തില്ലെന്ന്. ഇന്ന് വൈദ്യുതി ഭവനില്‍ നടന്ന കെഎഇബിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.

എന്നാല്‍ 15 ന് ശേഷം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. സംസ്ഥാനത്ത് കാലവര്‍ഷം ലഭിക്കാത്തതും ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് കെഎസ്ഇബി അടിയന്തര യോഗം ചേര്‍ന്നത്. ഇന്നലത്തെ കണക്കുകള്‍ അനുസരിച്ച് വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളില്‍ 10 ശതമാനം ജലം അവശേഷിക്കുന്നുണ്ട്.

സംസ്ഥാനത്തെ രണ്ടാമത്തെ വൈദ്യുതോല്‍പ്പാദന കേന്ദ്രമായ ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയില്‍ നീരൊഴുക്ക് നിലയ്ക്കുകയും നാല് സംഭരണികള്‍ വറ്റുകയും ചെയ്തു. ജലനിരപ്പ് 390 ദശലക്ഷം യൂണിറ്റിലേക്ക് കുറഞ്ഞാല്‍ ആഭ്യന്തര ഉത്പാദനം കുറക്കേണ്ടി വരും. പകരം വൈദ്യുതി പുറത്തു നിന്ന് കൊണ്ടുവരുന്നതിനുള്ള ലൈന്‍ ശേഷിയും കുറവാണ്.

ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകാന്‍ സംസ്ഥാനം നിര്‍ബന്ധിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,509 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലമാണ് കുറവുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version