സ്പീക്കറെ തിരുത്തി രമ്യ, പിന്നാലെ പ്രശംസയും കൈയ്യടിയും: കന്നിപ്രസംഗത്തിലൂടെ ലോക്‌സഭയിലും താരമായി ആലത്തൂര്‍ എംപി

കൊച്ചി: കന്നിപ്രസംഗത്തിലൂടെ ലോക്‌സഭയിലും താരമായി ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. സ്പീക്കറുടെ പ്രശംസയേറ്റുവാങ്ങിയാണ് രമ്യ പാര്‍ലമെന്റില്‍ നിന്നിറങ്ങിയത്. ശൂന്യവേളയില്‍ സ്പീക്കര്‍ ഓം ബിര്‍ള സംസാരിക്കാന്‍ വിളിച്ചപ്പോഴായിരുന്നു സംഭവം.

രാംമിയ എന്ന് തെറ്റായിട്ടാണ് സ്പീക്കര്‍ രമ്യയുടെ പേര് ഉച്ചരിച്ചത്. അപ്പോഴേക്കും രമ്യ എഴുന്നേറ്റ് നിന്ന് എന്റെ പേര് രമ്യ എന്നാണെന്ന് വിനീതമായി സ്പീക്കറെ അറിയിച്ചു.

ഇതോടെ സ്പീക്കര്‍ക്കും ചിരി വന്നു. അതിന് ശേഷം അദ്ദേഹം സഭയിലിരുന്ന മറ്റ് അംഗങ്ങളോടായി പറഞ്ഞു. ‘ആള് സംഭവമാണ്, തദ്ദേശഭരണ നേതൃതലത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്ന് അംഗങ്ങളോട് പറഞ്ഞു. ഇതോടെ രമ്യയുടെ പരിഭ്രമം നിറഞ്ഞ കയ്യടിയില്‍ ഇല്ലാതായി.

പിന്നാലെ ആലത്തൂരിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും രമ്യ ഹരിദാസ് സഭയില്‍ ഉന്നയിച്ചു. ഇംഗ്ലീഷില്‍ തന്നെയാണ് രമ്യ ആലത്തൂരിന്റെ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്. ആലത്തൂര്‍ കാര്‍ഷിക മേഖലയാണെന്നും കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗമെന്നും രമ്യ പറഞ്ഞു. കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് മിനിമം വില ലഭിക്കുന്നില്ലെന്ന് രമ്യ വ്യക്തമാക്കി.

അടുത്തുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിഷം തളിച്ച പച്ചക്കറികളെപ്പോലെയല്ല, ഓര്‍ഗാനിക് രീതിയിലാണ് ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്യുന്നതെന്നും അതിനാല്‍ പച്ചക്കറികള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സംഭരണികള്‍ അനുവദിക്കണമെന്നും രമ്യ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു..

കഴിഞ്ഞദിവസം ആലത്തൂരിലെ പാടത്ത് ഞാറ് നട്ടും ട്രാക്ടര്‍ ഓടിക്കുകയും ചെയ്യുന്ന എംപിയ്ക്ക് നിറഞ്ഞ അഭിനന്ദനങ്ങളായിരുന്നു സൈബര്‍ലോകത്ത്.

Exit mobile version