പുണ്യം പകര്‍ന്ന് ‘പുണ്യ’യുടെ വിവാഹം! മകളുടെ വിവാഹദിനത്തില്‍ ഒന്‍പത് നിര്‍ധന യുവതികള്‍ക്കും മാംഗല്യം: മാതൃകയായി വെട്ടിച്ചിറ സ്വദേശിയും കുടുംബവും

വെട്ടിച്ചിറ: മകളുടെ വിവാഹത്തോടൊപ്പം നിര്‍ധന യുവതികള്‍ക്കും മംഗല്യഭാഗ്യം പകര്‍ന്ന് വെട്ടിച്ചിറ സ്വദേശി പൂളക്കോട്ട് ഉമ്മര്‍ഭായിയും ഭാര്യ സാബിറയും. കഴിഞ്ഞദിവസം നടന്ന മകള്‍ പുണ്യയുടെ വിവാഹ വേദിയാണ് കാരുണ്യത്തിന്റെയും നന്മയുടെ വിവാഹവേദിയായത്. സംഗീത അധ്യാപകനാണ് ഉമ്മര്‍ഭായി.

ഞായറാഴ്ച വെട്ടിച്ചിറ കെസി ഓഡിറ്റോറിയത്തിലാണ് മകള്‍ പുണ്യയുടെയും ആതവനാട് സ്വദേശി അബ്ദുല്‍ കലാം ആസാദിന്റെയും വിവാഹം നടന്നത്. 9 നിര്‍ധന വധൂവരന്‍മാര്‍ക്ക് സ്വര്‍ണവും വിവാഹവസ്ത്രങ്ങളും നല്‍കിയാണ് ഇവര്‍ പുതുജീവിതം പകര്‍ന്നത്.

5 പവന്‍ സ്വര്‍ണവും വസ്ത്രങ്ങളും നല്‍കി അവരവരുടെ മാതാചാര പ്രകാരമായിരുന്നു വിവാഹം. താലികെട്ടിന് മാണൂര്‍ നാരായണന്‍ നമ്പൂതിരി കാര്‍മികത്വംവഹിച്ചു. പാണക്കാട് സാബിക്കലി തങ്ങള്‍, സമസ്ത മുശാവറ അംഗം മാത്തൂര്‍ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ എന്നിവര്‍ നിക്കാഹിന് നേതൃത്വം നല്‍കി.

ആര്‍ഭാഢം ഒഴിവാക്കി പരമാവധി പണം ദമ്പതികളുടെ ജീവിതത്തിലേക്ക് മാറ്റിവച്ച് വളരെ ലളിതമായിരുന്നു വിവാഹം. വാട്‌സ് ആപ്പിലൂടെയാണ് അനുയോജ്യരായവരെ കണ്ടെത്തിയത്. ചക്കയും മാങ്ങയും സംഭാരവും നല്‍കിയാണ് അതിഥികളെ സ്വീകരിച്ചത്. കഞ്ഞിയും ചക്കപ്പുഴുക്കുമായിരുന്നു ഭക്ഷണം.

സമന്വയ ഗിരി ആശ്രമത്തിലെ സ്വാമി ആത്മദാസ് യമി ധര്‍മപക്ഷ ഉദ്ഘാടനംചെയ്തു. എം.എല്‍.എമാരായ സി. മമ്മുട്ടി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ഗായകന്‍ ഫിറോസ് ബാബു, മുനീര്‍ ഹുദവി, കദീജ നര്‍ഗീസ്, വി. മധുസൂദനന്‍, റബിയ മുഹമ്മദ് കുട്ടി, സുലൈമാന്‍ മേല്‍പ്പുത്തൂര്‍, എം.ടി. മനാഫ് എന്നിവര്‍ പ്രസംഗിച്ചു.

വിവാഹത്തോടനുബന്ധിച്ച് തലേന്ന് നിര്‍ധനരായ രോഗികള്‍ക്ക് മരുന്നു വിതരണം, എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടന്നു.

Video Courtesy: Thunchan Vision

.

Exit mobile version