നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവ് പൂര്‍ണ്ണ ആരോഗ്യവാന്‍; ഡിസ്ചാര്‍ജിന് മെഡിക്കല്‍ കോളേജിന്റെ അനുമതി തേടി

അതേസമയം എറണാകുളം ജില്ലയില്‍ അടുത്തിടെ എച്ച്1എന്‍1 പനി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊച്ചി: നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവ് ആരോഗ്യം വീണ്ടെടുത്തു. പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനായി മെഡിക്കല്‍ കോളേജിന്റെ അനുമതി തേടിയിരിക്കുകയാണ്. നിപ്പാ രോഗം സംശയിക്കുന്ന ആരും തന്നെ ഇപ്പോള്‍ നിരീക്ഷണത്തില്‍ ഇല്ല.

അതേസമയം എറണാകുളം ജില്ലയില്‍ അടുത്തിടെ എച്ച്1എന്‍1 പനി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ എല്ലാവരും രോഗത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പനി, ചുമ, തൊണ്ടവേദന, തലവേദന, തുടങ്ങിയവയാണ് എച്ച്1എന്‍1ന്റെ പ്രധാന ലക്ഷണങ്ങള്‍. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എച്ച്1എന്‍1 രോഗബാധിതരില്‍ നിന്നു പുറത്തേക്ക് വരുന്ന രോഗാണുക്കള്‍ വഴിയാണ് മറ്റുള്ളവരില്‍ രോഗം പകരുന്നതെന്നും അദ്ദേഹം അറിയിച്ചു.

രോഗലക്ഷണങ്ങളുള്ളവര്‍ തിരക്കേറിയ മാളുകള്‍, തീയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായുംമൂക്കും മറയ്ക്കണമെന്ന് മുന്നറിയിപ്പും ഉണ്ട്.

Exit mobile version