എല്ലാ ജോലികളും ചെയ്യുന്ന മന്ത്രിമാര്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകൂ!; കര്‍ണാടകത്തിലെ മന്ത്രിമാര്‍ ഇങ്ങനെയല്ല; മലയാളികള്‍ ഭാഗ്യവാന്മാര്‍; മന്ത്രിമാരെ പ്രകീര്‍ത്തിച്ച് യതീഷ്ചന്ദ്ര

കേരളം വിറപ്പിച്ച പ്രളയകാലത്ത് മന്ത്രിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റി പറയവേയായിരുന്നു യതീഷ് ചന്ദ്രയുടെ പരാമര്‍ശം.

തൃശ്ശൂര്‍; കേരളത്തിലെ മന്ത്രിമാരെ പ്രകീര്‍ത്തിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജിഎച്ച് യതീഷ്ചന്ദ്ര.
എല്ലാ ജോലിയും ചെയ്യുന്ന മന്ത്രിമാരെ കേരളത്തില്‍ മാത്രമേ കാണൂ, കേരളത്തിലെ ജനങ്ങള്‍ ഭാഗ്യം ചെയ്തവരാണ് എന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ എസ്എസ്എല്‍സിയ്ക്കു ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ വിളിച്ച യോഗത്തിലായിരുന്നു ഈ പരാമര്‍ശങ്ങള്‍.

കേരളം വിറപ്പിച്ച പ്രളയകാലത്ത് മന്ത്രിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റി പറയവേയായിരുന്നു യതീഷ് ചന്ദ്രയുടെ പരാമര്‍ശം. ആറാട്ടുപുഴയില്‍ കരുവന്നൂര്‍ പുഴ വഴിമാറി ഒഴുകിയപ്പോള്‍ മണല്‍ചാക്ക് ചുമന്ന് നാട്ടുകാരെ സഹായിച്ച മന്ത്രി വിഎസ് സുനില്‍കുമാറിനെക്കുറിച്ചും പ്രത്യേകം പറഞ്ഞു.”ഇതുപോലെ ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകത്തില്‍ കാണില്ല. ഒരു കൂലിപ്പണിക്കാരന്‍ ചെയ്യേണ്ട ജോലി പോലും നാടിനു വേണ്ടി ചെയ്യാന്‍ തയാറായ മന്ത്രിമാര്‍ കേരളത്തിലേ കാണൂ. നിങ്ങള്‍ ഭാഗ്യംചെയ്തവരാണ്” എന്നായിരുന്നു മന്ത്രി സുനില്‍ കുമാറിനെക്കുറിച്ച് യതീഷ് ചന്ദ്ര പറഞ്ഞത്.

പ്രളയകാലത്ത് വിശ്രമില്ലാത പ്രവര്‍ത്തിച്ച് ജനങ്ങളെ സഹായിച്ച മന്ത്രിമാരായ വിഎസ് സുനില്‍കുമാര്‍, എസി മൊയ്തീന്‍, സി രവീന്ദ്രനാഥ് എന്നിവരെയും തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജിഎച്ച് യതീഷ്ചന്ദ്ര വാനോളം പുകഴ്ത്തി.

അവനവന്റെ കഴിവ് മനസിലാക്കി സ്വപ്നം കാണണമെന്ന് ചടങ്ങില്‍ സംസാരിക്കവേ യതീഷ് ചന്ദ്ര കുട്ടികളോട് പറഞ്ഞു. ‘ഓരോരുത്തരുടേയും ഡിഎന്‍എ വേറെയാണ്. ഓരോരുത്തരുടേയും വിരലടയാളം വേറെയാണ്. ദൈവം വ്യത്യസ്തരായാണ് ഓരോരുത്തരേയും ജനിപ്പിച്ചത്. അതുക്കൊണ്ട് നിങ്ങള്‍ ഒരോരുത്തരും വ്യത്യസ്തരായിതന്നെ ജീവിക്കണം. നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങള്‍ പിന്തുടരണം. അവനവന്റെ കഴിവ് മനസിലാക്കി സ്വപ്നം കാണണം. അതിനായി അദ്വാനം ചെയ്യണം.’ യതീഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

Exit mobile version